27/01/2026

പാകിസ്ഥാന്റെ ഭീകരവാദത്തിന് വളമിടരുത്; പോളണ്ടിന് കടുത്ത മുന്നറിയിപ്പുമായി എസ്. ജയ്ശങ്കർ

 പാകിസ്ഥാന്റെ ഭീകരവാദത്തിന് വളമിടരുത്; പോളണ്ടിന് കടുത്ത മുന്നറിയിപ്പുമായി എസ്. ജയ്ശങ്കർ

ന്യൂഡൽഹി: ഭീകരവാദത്തോടുള്ള സമീപനത്തിൽ പോളണ്ട് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പാകിസ്ഥാന്റെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെ സഹായിക്കരുതെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലാവ് സിക്കോർസ്‌കിയുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ആശങ്കകൾ അദ്ദേഹം നേരിട്ട് അറിയിച്ചത്.

ഭീകരവാദത്തോട് ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കാൻ പോളണ്ട് തയ്യാറാകണമെന്ന് ജയ്ശങ്കർ ആഹ്വാനം ചെയ്തു. ഒക്ടോബറിൽ പാകിസ്ഥാനുമായി ചേർന്ന് പോളണ്ട് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കശ്മീർ പരാമർശം ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു ഇന്ത്യയുടെ പരോക്ഷ വിമർശനം. അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുക്രെയ്ൻ സംഘർഷത്തിന്റെ പേരിൽ റഷ്യയുമായുള്ള ഊർജ്ജ ബന്ധത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ മാത്രം ലക്ഷ്യം വെക്കുന്നതിലെ അതൃപ്തിയും ജയ്ശങ്കർ പ്രകടിപ്പിച്ചു. ഇന്ത്യയെ ഇത്തരത്തിൽ തിരഞ്ഞെടുത്തു ആക്രമിക്കുന്നത് അന്യായമാണെന്ന ജയ്ശങ്കറിന്റെ വാദത്തോട് സിക്കോർസ്‌കി യോജിച്ചു.

അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും സാമ്പത്തിക വളർച്ചയും ചർച്ചകളിൽ വിഷയമായി. മധ്യ യൂറോപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് പോളണ്ട്. ഉഭയകക്ഷി വ്യാപാരം 7 ബില്യൺ ഡോളറിലെത്തിയതായും പോളണ്ടിലെ ഇന്ത്യൻ നിക്ഷേപം 3 ബില്യൺ ഡോളർ കവിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളിഷ് കുട്ടികൾക്ക് അഭയം നൽകിയ ജാംനഗർ മഹാരാജാവിന്റെ സ്മരണകൾ വിദേശകാര്യമന്ത്രി ഓർമിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.

Also read: