26/01/2026

ശബരിമല സ്വർണ്ണക്കൊള്ള: ‘സ്വർണ്ണം കട്ടത് ആരപ്പാ?’ സഭയിൽ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും ; ബാനർ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചു

 ശബരിമല സ്വർണ്ണക്കൊള്ള: ‘സ്വർണ്ണം കട്ടത് ആരപ്പാ?’ സഭയിൽ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും ; ബാനർ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. സഭാനടപടികൾ ആരംഭിച്ചത് മുതൽ വലിയ ബാനറുകൾ ഉയർത്തി സ്പീക്കറുടെ ഇരിപ്പിടം പൂർണ്ണമായും മറച്ചാണ് പ്രതിഷേധിച്ചത്. സംഭവത്തിൽ ദേവസ്വം മന്ത്രി രാജിവെക്കണമെന്നും അന്വേഷണ സംഘത്തിന് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാത്ത പ്രതിപക്ഷ നിലപാടിനെ മന്ത്രി എം.ബി രാജേഷ് പരിഹസിച്ചതോടെയാണ് സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും ചർച്ചയെ അവർ ഭയപ്പെടുന്നുവെന്നും മന്ത്രി ആരോപിച്ചു. ഇതിൽ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഇരിപ്പിടം ബാനറുകൾ കൊണ്ട് മറച്ചു. ‘പോറ്റി പാട്ടിന്റെ’ പാരഡി പാടിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ഇതിന് മറുപടിയായി ‘സ്വർണ്ണം കട്ടത് ആരപ്പാ.. കോൺഗ്രസ് ആണ് അയ്യപ്പാ..’ എന്ന് ഭരണപക്ഷവും തിരിച്ചു പാടിയതോടെ സഭ പ്രക്ഷുബ്ധമായി. സ്വർണ്ണം മോഷ്ടിച്ചത് ആരെന്നറിയാൻ അടൂർ പ്രകാശിനോട് ചോദിക്കണമെന്നും യഥാർത്ഥ പ്രതികൾ കുടുങ്ങുമ്പോൾ പാടാൻ തങ്ങൾ പാട്ട് മാറ്റിവെച്ചിട്ടുണ്ടെന്നും എം.ബി രാജേഷ് തിരിച്ചടിച്ചു. ഇതിനിടെ സോണിയയുടെ വീട്ടിൽ പോറ്റി എന്തിന് പോയെന്ന് ചോദിച്ച മന്ത്രി വി ശിവൻകുട്ടി, അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പ്രതിപക്ഷം വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണെന്ന് മന്ത്രി വീണാ ജോർജും കുറ്റപ്പെടുത്തി. ബഹളം നിയന്ത്രിക്കാനാകാതെ വന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാകും സഭ വീണ്ടും ചേരുക. നിലവിൽ നന്ദിപ്രമേയ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് സഭാനടപടികൾ.

Also read: