04/06/2026
[fontresizer_tawhidurrahmandear_widget]

സർഫറാസ് മാസ്‌കിട്ട് ഗ്രൗണ്ടിൽ; കാരണമിതാണ്

 സർഫറാസ് മാസ്‌കിട്ട് ഗ്രൗണ്ടിൽ; കാരണമിതാണ്

മുംബൈ: രഞ്ജി ട്രോഫിയിൽ മുംബൈയും ഡൽഹിയും തമ്മിലുള്ള പോരാട്ടത്തിനിടെ അപ്രതീക്ഷിത മലിനീകരണ വിവാദം. ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്ന് താരം സർഫറാസ് ഖാൻ മാസ്‌ക് ധരിച്ച് മൈതാനത്തിറങ്ങിയത് വലിയ ചർച്ചയായി. സാധാരണഗതിയിൽ ഡൽഹിയിലെ വായു മലിനീകരണമാണ് വാർത്തകളിൽ നിറയാറുള്ളതെങ്കിൽ ഇത്തവണ മുംബൈ ബി.കെ.സി ഗ്രൗണ്ടിലാണ് സമാന സാഹചര്യം ഉടലെടുത്തത്.

സർഫറാസ് ഖാൻ, സഹോദരൻ മുഷീർ ഖാൻ എന്നിവരുൾപ്പെടെയുള്ള മുംബൈ താരങ്ങൾ സർജിക്കൽ മാസ്‌ക് ധരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. കളി നടന്ന ഇന്നലെ അന്തരീക്ഷ വായു നിലവാര സൂചിക (AQI) 160 രേഖപ്പെടുത്തിയിരുന്നു. ഇത് അനാരോഗ്യകരമായ നിലവാരമാണ്. ഗ്രൗണ്ടിന് തൊട്ടടുത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് വായുവിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമായതെന്ന് മുംബൈ താരം മോഹിത് അവസ്തി പ്രതികരിച്ചു.

വായു ഗുണനിലവാരം മോശമായതോടെ കായിക താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കടുത്ത അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് മുംബൈ ടീം മാനേജ്‌മെന്റ് മുംബൈ ക്രിക്കറ്റ് അസോസിയേഷന് (MCA) ഔദ്യോഗികമായി പരാതി നൽകിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടപെടൽ വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഡൽഹി ടീമിലെ താരങ്ങളും മുംബൈ ടീമിനോട് മാസ്‌കുകൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിസിഐയോ സംസ്ഥാന അസോസിയേഷനോ ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി നടപടി സ്വീകരിച്ചിട്ടില്ല.

Also read: