28/03/2026
[fontresizer_tawhidurrahmandear_widget]

യുദ്ധക്കെടുതിയില്‍ ഫലസ്തീനികള്‍ക്ക് സമാശ്വാസവുമായി സൗദി; 30,000 പാക്കറ്റ് ബലിമാംസം കൈമാറി

 യുദ്ധക്കെടുതിയില്‍ ഫലസ്തീനികള്‍ക്ക് സമാശ്വാസവുമായി സൗദി; 30,000 പാക്കറ്റ് ബലിമാംസം കൈമാറി

റിയാദ്/കെയ്റോ: യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് ആശ്വാസമേകി സൗദി അറേബ്യ. സൗദിയുടെ ‘ഹദിയ, അദാഹി’ പദ്ധതിയുടെ ഭാഗമായി 30,000 ബലിമാംസ വിഹിതങ്ങള്‍ ഫലസ്തീന് കൈമാറി. മക്ക റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി വഴിയാണ് തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ബലിമാംസം അര്‍ഹരായവരിലേക്ക് എത്തിക്കുന്നത്. ഫലസ്തീന് സമാനമായ വിഹിതം ഈജിപ്തിനും നല്‍കിയിട്ടുണ്ട്.

കെയ്‌റോയിലെ സൗദി എംബസിയില്‍ നടന്ന ചടങ്ങില്‍ സൗദി ഡെപ്യൂട്ടി അംബാസഡര്‍ ഖാലിദ് ബിന്‍ ഹമദ് അല്‍-ഷമ്മരിയില്‍നിന്ന് ഈജിപ്തിലെ ഫലസ്തീന്‍ അംബാസഡര്‍ ദിയാബ് അല്‍ ലൂഹ് സഹായം ഏറ്റുവാങ്ങി. ഫലസ്തീന്‍ ജനതയ്ക്ക് സൗദി അറേബ്യന്‍ ഭരണകൂടം നല്‍കിവരുന്ന നിരന്തരമായ പിന്തുണയ്ക്ക് അംബാസഡര്‍ ദിയാബ് അല്‍ ലൂഹ് നന്ദി അറിയിച്ചു. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നേതൃത്വത്തില്‍ വര്‍ഷങ്ങളായി ലഭിക്കുന്ന ഈ സഹായം ഫലസ്തീന്‍ ജനതയ്ക്ക് വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫലസ്തീനൊപ്പം ഈജിപ്തിനും 30,000 വിഹിതം ബലിമാംസം ചടങ്ങില്‍ കൈമാറി. 1983ല്‍ ആരംഭിച്ച ഈ പദ്ധതി വഴി 26ഓളം ഇസ്‌ലാമിക രാജ്യങ്ങളിലെ അര്‍ഹരായ ജനങ്ങള്‍ക്ക് സൗദി അറേബ്യ ബലിമാംസം എത്തിച്ചുനല്‍കുന്നുണ്ട്. സുരക്ഷിതമായ നടപടിക്രമങ്ങളിലൂടെയും നീതിയുക്തമായ വിതരണത്തിലൂടെയും അര്‍ഹരിലേക്ക് സഹായമെത്തിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ ജനറല്‍ സൂപ്പര്‍വൈസര്‍ സാദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍-വാബില്‍ പറഞ്ഞു.

Also read: