27/01/2026

തെര. കമ്മീഷണര്‍മാര്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ നിയമപരിരക്ഷ റദ്ദാക്കുമോ? നടപടിയുമായി സുപ്രീം കോടതി; കേന്ദ്രത്തിന് നോട്ടീസ് അയച്ചു

 തെര. കമ്മീഷണര്‍മാര്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ നിയമപരിരക്ഷ റദ്ദാക്കുമോ? നടപടിയുമായി സുപ്രീം കോടതി; കേന്ദ്രത്തിന് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും പൂര്‍ണ നിയമപരിരക്ഷ (Legal Immunity) നല്‍കുന്നതിനെതിരായ ഹരജിയില്‍ നടപടിയുമായി സുപ്രീം കോടതി. കേസ് പരിശോധിക്കാന്‍ തീരുമാനിച്ച കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

സന്നദ്ധ സംഘടനയായ ‘ലോക് പ്രഹരി’യാണ് നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്. ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും കമ്മീഷന്റെയും മറുപടി ലഭിച്ച ശേഷമായിരിക്കും കോടതി തുടര്‍നടപടികളിലേക്ക് കടക്കുക.

‘ഞങ്ങള്‍ക്കിത് പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ നോട്ടീസ് അയക്കുന്നു,’ ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമത്തിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ കോടതി തീരുമാനിച്ചതായാണ് ഇതിലൂടെ വ്യക്തമാകുന്നത്.

2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ ‘മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ (നിയമനം, സേവന വ്യവസ്ഥകള്‍, കാലാവധി) നിയമം’ (Chief Election Commissioner and Other Election Commissioners Act, 2023) എന്നതിലെ 16-ാം വകുപ്പാണ് ഇപ്പോള്‍ നിയമപോരാട്ടത്തിന് വഴിവെച്ചിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് കമ്മീഷണര്‍മാര്‍ക്കെതിരെ കോടതികളില്‍ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഈ വകുപ്പ് അവര്‍ക്ക് സംരക്ഷണം നല്‍കുന്നു. ഇവര്‍ സ്ഥാനമൊഴിഞ്ഞ ശേഷവും ഈ പരിരക്ഷ ലഭിക്കുമെന്നതാണ് 16-ാം വകുപ്പിന്റെ പ്രത്യേകത.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് ഇത്തരത്തില്‍ വിപുലമായ നിയമപരിരക്ഷ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിക്കാര്‍ വാദിക്കുന്നു. ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും മാത്രമാണ് നിയമനടപടികളില്‍ നിന്ന് ഇത്തരമൊരു പരിരക്ഷ ലഭിക്കുന്നത്. എന്നാല്‍, ഭരണഘടനാപരമായ പിന്‍ബലമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് സമാനമായ പരിരക്ഷ നല്‍കുന്നത് നിയമവാഴ്ചയുടെ ലംഘനമാണെന്നും, ഇത് അവരെ നിയമത്തിന് അതീതരാക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് എതിരാണിതെന്നും ഹരജിക്കാര്‍ വാദിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും കമ്മീഷണര്‍മാരുടെ ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ ഈ നിയമപരിരക്ഷ തടസ്സമാകുമെന്ന ആശങ്കയും ഹരജിയില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്താല്‍ പോലും അവരെ ചോദ്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യം ജനാധിപത്യത്തിന് ഭീഷണിയാണെന്നാണ് വാദം.

Also read: