27/01/2026

‘ജഡ്ജി ട്രെയിനിൽ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ച സംഭവം ഞെട്ടിക്കുന്നത്’; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

 ‘ജഡ്ജി ട്രെയിനിൽ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ച സംഭവം ഞെട്ടിക്കുന്നത്’; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ സിവിൽ ജഡ്ജി സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചെന്ന പരാതിയിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. മധ്യപ്രദേശിൽ നിന്നുള്ള ജുഡീഷ്യൽ ഓഫീസറുടെ പെരുമാറ്റം അങ്ങേയറ്റം മ്ലേച്ഛമാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ ജഡ്ജിക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്, സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി.

‘ഹൈക്കോടതിയുടെ നിലപാട് മനസ്സിലാക്കാൻ കഴിയുന്നില്ല. ഒരു ജുഡീഷ്യൽ ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം മ്ലേച്ഛമായ പെരുമാറ്റമാണിത്. സാക്ഷികളെ മുഴുവൻ ശത്രുക്കളാക്കി മാറ്റാൻ നിങ്ങൾക്ക് കഴിഞ്ഞു. ഇതൊരു ഞെട്ടിക്കുന്ന കേസാണ്. നിങ്ങൾ കമ്പാർട്ടുമെന്റിൽ മൂത്രമൊഴിച്ചു, അവിടെ ഒരു സ്ത്രീയുണ്ടായിരുന്നു,’ എന്ന് കോടതി വാദത്തിനിടെ തുറന്നടിച്ചു.

2018ൽ ഇൻഡോറിൽ നിന്ന് ജബൽപൂരിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് വിവാദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ജഡ്ജി നഗ്‌നതപ്രദർശനം നടത്തുകയും സഹയാത്രികയായ സ്ത്രീയുടെ സീറ്റിൽ മൂത്രമൊഴിക്കുകയും ചെയ്തുവെന്നാണ് ആരോപണം. കൂടാതെ, യാത്രക്കാരെയും റെയിൽവേ ജീവനക്കാരെയും അസഭ്യം പറയുകയും, തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ടിടിഇയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൃത്യമായ അനുമതിയില്ലാതെയാണ് ഇയാൾ യാത്ര ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തെങ്കിലും, പരാതിക്കാരി ഉൾപ്പെടെയുള്ള പ്രധാന സാക്ഷികൾ കൂറുമാറിയതോടെ മജിസ്‌ട്രേറ്റ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരിന്നു. എന്നാൽ, ഹൈക്കോടതിയുടെ ഭരണവിഭാഗം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കുറ്റങ്ങൾ തെളിഞ്ഞതോടെ 2019ൽ ഇയാളെ സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു.

ഈ നടപടിക്കെതിരെ സിവിൽ ജഡ്ജി നൽകിയ ഹർജിയിൽ, കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഹൈക്കോടതി പിരിച്ചുവിടൽ റദ്ദാക്കി. ക്രിമിനൽ കേസിൽ കുറ്റവിമുക്തനായ ഉദ്യോഗസ്ഥന് ചെറിയ പിഴകൾ മാത്രം നൽകി സർവീസിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം. ഇതിനെതിരെ ഹൈക്കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിരപരാധിത്വം തെളിയിക്കപ്പെട്ടതുകൊണ്ടല്ല, മറിച്ച് സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ മാറ്റിയതുകൊണ്ടാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് ഹരജിക്കാർ വാദിച്ചു. ജുഡീഷ്യറിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി.

Also read: