28/03/2026
[fontresizer_tawhidurrahmandear_widget]

ഈയം പൊന്നായി! ആധുനിക ആൽക്കെമിയുമായി ശാസ്ത്രലോകം; മഹാവിസ്‌ഫോടന പരീക്ഷണ ലക്ഷ്യം തെറ്റി

 ഈയം പൊന്നായി! ആധുനിക ആൽക്കെമിയുമായി ശാസ്ത്രലോകം; മഹാവിസ്‌ഫോടന പരീക്ഷണ ലക്ഷ്യം തെറ്റി

ജനീവ: ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ആധുനിക ആൽക്കെമി. സ്വിറ്റ്‌സർലൻഡിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിൽ (LHC) മഹാവിസ്‌ഫോടനത്തെ പുനസൃഷ്ടിക്കാനുള്ള പരീക്ഷണത്തിനിടെ ശാസ്ത്രജ്ഞർ അവിചാരിതമായി ഈയത്തെ (Lead) സ്വർണമാക്കി മാറ്റി. സെർണിലെ (CERN) ആലീസ് (ALICE) പരീക്ഷണത്തിനിടെയാണ് ഈ അപൂർവ്വ പ്രതിഭാസം നടന്നത്.

മധ്യകാലഘട്ടത്തിലെ ആൽക്കെമിസ്റ്റുകൾ ഈയത്തെ സ്വർണമാക്കി മാറ്റാൻ പരീക്ഷണങ്ങൾ നടത്തി പരാജയപ്പെട്ടിരുന്നു. എന്നാൽ ആധുനിക ഭൗതികശാസ്ത്രം അസാധ്യമായ കാര്യത്തെ ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ലെഡ് ആറ്റത്തിൽ നിന്ന് കൃത്യമായി മൂന്ന് പ്രോട്ടോണുകളെ നീക്കം ചെയ്താണ് ശാസ്ത്രജ്ഞർ സ്വർണ ആറ്റങ്ങളെ സൃഷ്ടിച്ചത്.

ലെഡ് ആറ്റത്തിന്റെ ന്യൂക്ലിയസിനുള്ളിൽ പ്രോട്ടോണുകളെ അതിശക്തമായ ന്യൂക്ലിയർ ഫോഴ്‌സ് ആണ് ബന്ധിപ്പിച്ചു നിർത്തുന്നത്. ഇവയെ പുറത്തെടുക്കുക എന്നത് അങ്ങേയറ്റം കഠിനമായ ജോലിയാണ്. ലാർജ് ഹാഡ്രോൺ കൊളൈഡറിൽ പ്രകാശവേഗതയിൽ ലെഡ് ന്യൂക്ലിയസുകളെ പരസ്പരം കടന്നുപോകാൻ അനുവദിച്ചപ്പോൾ ഉണ്ടായ അതിശക്തമായ വൈദ്യുതകാന്തിക മണ്ഡലമാണ് ഈ മാറ്റത്തിന് കാരണമായത്. മിന്നൽപ്പിണരുകളേക്കാൾ ദശലക്ഷം മടങ്ങ് ശക്തിയുള്ള വൈദ്യുത മണ്ഡലങ്ങൾക്കിടയിൽ ന്യൂക്ലിയസുകൾ പ്രകമ്പനം കൊള്ളുകയും, അതിനിടയിൽ അവയിൽ നിന്ന് പ്രോട്ടോണുകൾ പുറത്തേക്ക് തെറിക്കുകയുമായിരുന്നു.

ഒരു ലെഡ് ആറ്റത്തിൽ നിന്ന് ഇത്തരത്തിൽ മൂന്ന് പ്രോട്ടോണുകൾ നഷ്ടപ്പെട്ടപ്പോൾ അത് സ്വർണ ആറ്റമായി രൂപാന്തരപ്പെട്ടു. ഒരു പ്രോട്ടോൺ നഷ്ടപ്പെടുമ്പോൾ താല്യായവും, രണ്ട് പ്രോട്ടോണുകൾ നഷ്ടപ്പെടുമ്പോൾ മെർക്കുറിയും രൂപപ്പെടുന്നതായും ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.

സെക്കൻഡിൽ 89,000 സ്വർണ ന്യൂക്ലിയസുകൾ വരെ ഇത്തരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ വ്യാവസായികമായി സ്വർണം നിർമ്മിക്കാൻ ഈ രീതി ഉപയോഗപ്രദമല്ല. പരീക്ഷണത്തിനിടെ ഉത്പാദിപ്പിക്കപ്പെട്ട സ്വർണത്തിന്റെ അളവ് വെറും 29 ട്രില്യണിൽ ഒരു ഗ്രാം മാത്രമാണ്.

ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഈ സ്വർണ നിർമ്മാണം നേട്ടത്തേക്കാൾ ഉപരി ശല്യമായി മാറിയിരിക്കുകയാണ്. സ്വർണമായി മാറുന്ന ആറ്റങ്ങൾ ഭ്രമണപഥത്തിൽ നിന്ന് വ്യതിചലിച്ച് കൊളൈഡറിലെ പൈപ്പുകളുടെ ഭിത്തിയിൽ ഇടിക്കുകയും പരീക്ഷണത്തിന് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. എങ്കിലും, പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ പഠനങ്ങൾക്കും ഭാവിയിലെ വലിയ ശാസ്ത്ര പരീക്ഷണങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും ഈ അവിചാരിത രസതന്ത്രം നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also read: