03/04/2026
[fontresizer_tawhidurrahmandear_widget]

എസ്‌ഐആർ: കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസമായി സുപ്രീംകോടതി; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി

 എസ്‌ഐആർ: കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസമായി സുപ്രീംകോടതി; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി (SIR) ബന്ധപ്പെട്ട കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ആശ്വാസവാർത്ത. പേര് ചേർക്കുന്നതിനായി രേഖകൾ സമർപ്പിക്കാനുള്ള സമയം ഈ മാസം 30 വരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി നൽകി. നേരത്തെ ജനുവരി 22 വരെയായിരുന്നു അനുവദിച്ചിരുന്ന സമയം. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് സുപ്രീംകോടതി നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് നടപടി.

പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. അർഹരായവർ ആരും തന്നെ പട്ടികയ്ക്ക് പുറത്താകുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കം. ഇതോടെ ഫെബ്രുവരി 21ന് നിശ്ചയിച്ചിരുന്ന അന്തിമ പട്ടിക പ്രസിദ്ധീകരണം വൈകാനാണ് സാധ്യത.

അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മതിയായ രേഖകൾ ഇല്ലാത്തവർക്ക് അവ വേഗത്തിൽ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകൾക്കായി ഈ കാലയളവിൽ ഫീസ് ഈടാക്കില്ല. പൊതുജനങ്ങളെ സഹായിക്കാൻ പ്രാദേശിക തലത്തിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും.

ഓൺലൈൻ അപേക്ഷകൾക്കായി അക്ഷയ കേന്ദ്രങ്ങളിലെ ഫീസ് കുറയ്ക്കാൻ ഐടി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഎൽഒ (BLO) മാരില്ലാത്ത സ്ഥലങ്ങളിൽ രണ്ടു ദിവസത്തിനുള്ളിൽ നിയമനം പൂർത്തിയാക്കാനും സർക്കാർ നിർദ്ദേശിച്ചു.

Also read: