ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്‌ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന്റെ മൊഴി സംഘം രേഖപ്പെടുത്തി. കഴിഞ്ഞദിവസം ചെന്നൈയിലെ താരത്തിന്റെ വസതിയിലെത്തിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്. ശബരിമലയിലെ സ്വർണപ്പാളികൾ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം മുൻപ് നൽകിയ വിശദീകരണങ്ങളിലെ പൊരുത്തക്കേടുകളാണ് നീക്കത്തിന് പിന്നിലെന്നാണ് സൂചന.
ശബരിമലയിലെ ഉദ്യോഗസ്ഥനായിരുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തനിക്ക് വർഷങ്ങളായുള്ള സൗഹൃദമുണ്ടെന്ന് ജയറാം മൊഴി നൽകി. പോറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് സ്മാർട്ട് ക്രിയേഷൻസിൽ നടന്ന സ്വർണപ്പാളി പൂജയിൽ പങ്കെടുത്തത്. എന്നാൽ സ്വർണപ്പാളികൾ പിന്നീട് എവിടേക്ക് കൊണ്ടുപോയി എന്നതിനെക്കുറിച്ച് തനിക്ക് അറിവില്ല. സ്മാർട്ട് ക്രിയേഷൻസ് ഉടമകളുമായോ സ്‌പോൺസർമാരുമായോ തനിക്ക് വ്യക്തിപരമായ പരിചയമില്ലെന്നും ജയറാം അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
പൂജ നടന്ന തീയതികളെച്ചൊല്ലിയുള്ള ദുരൂഹതയാണ് നിലവിൽ അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. 2019 ജൂണിൽ സ്മാർട്ട് ക്രിയേഷൻസിൽ നടന്ന പൂജയും, സെപ്റ്റംബറിൽ ജയറാമിന്റെ വീട്ടിൽ ദ്വാരപാലക പാളികൾ വെച്ച് നടന്ന പൂജയും ഒരേ ദിവസമാണ് നടന്നതെന്ന് താരം മുൻപ് പറഞ്ഞിരുന്നു. മാസങ്ങളുടെ വ്യത്യാസമുള്ള സംഭവങ്ങളെ താരം എന്തിനാണ് ഒരേ ദിവസം എന്ന് പറഞ്ഞത് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.