04/03/2026
[fontresizer_tawhidurrahmandear_widget]

സിപിഎം ശക്തികേന്ദ്രത്തിൽ ജയിച്ച യു.ഡി.എഫ് സ്ഥാനാർഥിയെ മകൻ പിന്തുണച്ചു; മാതാവിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

 സിപിഎം ശക്തികേന്ദ്രത്തിൽ ജയിച്ച യു.ഡി.എഫ് സ്ഥാനാർഥിയെ മകൻ പിന്തുണച്ചു; മാതാവിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

തൊടുപുഴ: മകൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചെന്നാരോപിച്ച് മാതാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി. തൊടുപുഴ കാരിക്കോട് സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരിയായ നിസ ഷിയാസിനെയാണ് (42) ജോലിയിൽ നിന്ന് നീക്കിയത്. സി.പി.എം ഭരിക്കുന്ന ബാങ്കിലാണ് സംഭവം.

​സി.പി.എം പ്രവർത്തകനായിരുന്ന ഭർത്താവ് ഷിയാസിന്റെ മരണത്തെ തുടർന്നാണ് നിസയ്ക്ക് ബാങ്കിൽ സ്വീപ്പറായി ജോലി ലഭിച്ചത്. കഴിഞ്ഞ ആറ് വർഷമായി ഇവർ ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.

തൊടുപുഴ നഗരസഭയിലെ 21-ാം വാർഡായ കീരികോടിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വിഷ്ണു കോട്ടപ്പുറത്തിന് വേണ്ടി നിസയുടെ 16 വയസ്സുള്ള മകൻ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതാണ് ബാങ്ക് ഭരണസമിതിയെ പ്രകോപിപ്പിച്ചത്.

​മകൻ സുഹൃത്തുക്കൾക്കൊപ്പം പ്രചാരണത്തിന് പോയതാണെന്നും സൗഹൃദത്തിന്റെ പേരിലായതിനാൽ താൻ അത് വിലക്കിയില്ലെന്നും നിസ പറയുന്നു.

സിപിഎം സ്വാധീന മേഖലയായിരുന്ന വാർഡിൽ 319 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത്. ഇതിന് പിന്നാലെ നിസയെ ജോലിയിൽ തുടരാൻ അനുവദിച്ചാൽ പാർട്ടി വിടുമെന്ന ഭീഷണിയുമായി ചിലർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ശമ്പളവും പുതുവർഷ ബോണസായ 1000 രൂപയും നൽകിയ ശേഷമാണ് തന്നെ പിരിച്ചുവിട്ടതെന്ന് നിസ പറഞ്ഞു.

​വിഷയത്തിൽ ബാങ്ക് ഭാരവാഹികളായ സി.പി.എം നേതാക്കളെ കണ്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും നിസ പറഞ്ഞു. എന്നാൽ, കൃത്യസമയത്ത് ജോലിക്ക് എത്താതിരുന്നതിനാലാണ് പിരിച്ചുവിട്ടതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ജോലി നഷ്ടപ്പെട്ട നിസയ്ക്ക് വരുമാന മാർഗം കണ്ടെത്തി നൽകുമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

Also read: