ഇസ്രയേല്‍ സന്ദർശനവേളയിൽ തന്നെ ആക്രമണ വിവരം മോദി അറിഞ്ഞു? വിശദീകരണവുമായി അംബാസഡർ
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ഇറാനെതിരായ സൈനിക നീക്കത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങിയതെന്ന് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസർ. വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ ലഭിച്ച അപ്രതീക്ഷിതമായ അവസരം(Operational Opportunity) മുതലാക്കിയാണ് ഇറാനിൽ ആക്രമണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 26-ന് പ്രധാനമന്ത്രി മോദിയും ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കിയിരുന്നു. എന്നാൽ മോദിയുടെ സന്ദർശന വേളയിൽ ആക്രമണത്തെക്കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് റൂവൻ അസർ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശനിയാഴ്ച രാവിലെ ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്.
ഇറാനിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാൻ വർഷങ്ങളായി കോടിക്കണക്കിന് ഡോളർ ഇസ്രയേൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. രഹസ്യാന്വേഷണ ശൃംഖലയുടെ കരുത്തും ലേസർ അധിഷ്ഠിത പ്രതിരോധ സംവിധാനമായ ‘അയൺ ബീം’ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളും ഇറാന്റെ മിസൈൽ സംവിധാനങ്ങളെ തകർക്കാൻ സഹായിച്ചു. അമേരിക്കയുമായി ഏകോപിപ്പിച്ചായിരുന്നു നീക്കമെന്നും തത്സമയം ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളാണ് ആക്രമണം വേഗത്തിലാക്കിയതെന്നും സ്ഥാനപതി കൂട്ടിച്ചേർത്തു