26/01/2026

‘ക്രിക്കറ്റ് ബാറ്റ് മര്യാദയ്ക്ക് പിടിക്കാന്‍ പോലും അറിയാത്തയാളാണ് ജയ് ഷാ; രൂക്ഷവിമർശനവുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മുന്‍ മേധാവി

 ‘ക്രിക്കറ്റ് ബാറ്റ് മര്യാദയ്ക്ക് പിടിക്കാന്‍ പോലും അറിയാത്തയാളാണ് ജയ് ഷാ; രൂക്ഷവിമർശനവുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മുന്‍ മേധാവി

ധാക്ക: ഏഷ്യൻ ക്രിക്കറ്റ് ഭരണസമിതികളിൽ രാഷ്ട്രീയ ഇടപെടലുകൾ അതിരുവിടുന്നുവെന്ന് ആരോപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്(ബിസിബി) മുന്‍ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മുൻ സിഇഒയുമായ സയ്യിദ് അഷ്‌റഫുൾ ഹഖ്. ബിസിസിഐ മുന്‍ സെക്രട്ടറിയും ഐസിസി ചെയർമാനുമായ ജയ് ഷായെയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെയും ലക്ഷ്യമിട്ടാണ് വിമര്‍ശനം. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ക്രിക്കറ്റ് ഭരണം ഇപ്പോൾ രാഷ്ട്രീയക്കാരുടെ പൂർണ നിയന്ത്രണത്തിലാണെന്നും കായികരംഗത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് നിർണായക തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഷ്‌റഫുൾ ഹഖ് വിമര്‍ശനമുയര്‍ത്തിയത്. നിലവിലെ ക്രിക്കറ്റ് ഭരണാധികാരികളെ മുൻകാല നേതാക്കളുമായി താരതമ്യം ചെയ്ത അദ്ദേഹം ജഗ്മോഹൻ ഡാൽമിയ, ഐ.എസ് ബിന്ദ്ര, മാധവറാവു സിന്ധ്യ തുടങ്ങിയവരുടെ പക്വതയാർന്ന സമീപനങ്ങളെ പ്രശംസിച്ചു. “കളിയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്ന നേതാക്കളായിരുന്നു അവർ. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ജയ് ഷാ ഒരു മത്സരത്തിൽ പോലും ക്രിക്കറ്റ് ബാറ്റ് പിടിച്ചിട്ടില്ലാത്ത വ്യക്തിയാണ്. ഇത്തരക്കാർ നേതൃത്വത്തിൽ ഇരിക്കുമ്പോൾ കായികരംഗം പ്രതിസന്ധിയിലാകും,” ഹഖ് തുറന്നടിച്ചു.

രാഷ്ട്രീയക്കാർ വിലകുറഞ്ഞ മതവികാരങ്ങൾ ഉപയോഗിച്ച് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള കളികളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ നടപടി ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. “മുസ്തഫിസിന് പകരം ലിറ്റൺ ദാസോ സൗമ്യ സർക്കാരോ ആയിരുന്നു ആ സ്ഥാനത്തെങ്കിൽ അവർ ഇതേ നിലപാട് സ്വീകരിക്കുമായിരുന്നോ? ഒരിക്കലുമില്ല. പക്വതയില്ലാത്ത രാഷ്ട്രീയക്കാർ ഭരണം കൈയാളുമ്പോഴാണ് ഇത്തരം വിവേചനങ്ങൾ ഉണ്ടാകുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് നേടാൻ അവർ ലോകകപ്പ് പോലൊരു അന്താരാഷ്ട്ര ടൂർണമെന്റിനെപ്പോലും ബലിയാടാക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

2026-ലെ ടി20 ലോകകപ്പിലെ വേദികളെച്ചൊല്ലിയുള്ള തർക്കങ്ങളിലും ഹഖ് നിലപാട് വ്യക്തമാക്കി. ഇന്ത്യയുമായുള്ള മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യയും ബംഗ്ലാദേശും സഹോദരങ്ങളെപ്പോലെയാണെന്നും ബംഗ്ലാദേശിന് ടെസ്റ്റ് പദവി ലഭിക്കുന്നതിൽ ബിസിസിഐ ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ടെന്നും ഓർമിപ്പിച്ച അദ്ദേഹം, പക്വതയില്ലാത്ത തീരുമാനങ്ങൾ ഈ ബന്ധത്തെ തകർക്കരുതെന്ന് മുന്നറിയിപ്പ് നൽകി.

പണത്തേക്കാൾ വലുത് ദേശീയ അഭിമാനമാണെന്നും ആവശ്യമെങ്കിൽ ടൂർണമെന്റ് ബഹിഷ്‌കരിച്ചുകൊണ്ട് സാമ്പത്തിക നഷ്ടം സഹിക്കാൻ ബംഗ്ലാദേശ് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി ഏഴിന് ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദി മാറ്റത്തിൽ ഐസിസി ഇതുവരെ ഔദ്യോഗിക തീരുമാനങ്ങൾ അറിയിച്ചിട്ടില്ല.

Also read: