പാകിസ്താനു വേണ്ടി ചാരവൃത്തി: പഞ്ചാബില്‍ 15 വയസ്സുകാരന്‍ പിടിയില്‍; കൂടുതല്‍ കുട്ടികള്‍ വലയിലെന്ന് സൂചന
ചണ്ഡീഗഡ്: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ 15 വയസ്സുകാരനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിവരങ്ങള്‍ കുട്ടി പാക് ഏജന്റുമാര്‍ക്ക് കൈമാറിയതായാണ് കണ്ടെത്തല്‍. സംഭവത്തിന് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വലിയൊരു ശൃംഖല തന്നെയുണ്ടെന്ന സംശയത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ജമ്മു സാംബ സ്വദേശിയായ പതിനഞ്ചുകാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഐഎസ്‌ഐ ഹാന്‍ഡ്‌ലര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പത്താന്‍കോട്ട് പോലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ വഴിയാണ് ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ കുട്ടി കൈമാറിയിരുന്നത്. സാങ്കേതിക പരിശോധനകളുടെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പോലീസ് കുട്ടിയെ പിടികൂടിയത്.
പഞ്ചാബിലെ വിവിധ ജില്ലകളിലുള്ള നിരവധി കുട്ടികള്‍ സമാനമായ രീതിയില്‍ ഐഎസ്‌ഐയുടെ സ്വാധീന വലയത്തിലുണ്ടെന്നാണ് സൂചന. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി കുട്ടികളെ സ്വാധീനിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാക് തന്ത്രമാണ് ഇതിലൂടെ പുറത്തുവരുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പഞ്ചാബിലുടനീളം പോലീസ് അതീവ ജാഗ്രത പുറപ്പെടുവിച്ചു. അതിര്‍ത്തി മേഖലകളില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ നിരീക്ഷിക്കാനും സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കാനും ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പിടിയിലായ കുട്ടിയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും വിവരങ്ങള്‍ ചോരുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായും പത്താന്‍കോട്ട് എസ്എസ്പി ദല്‍ജീന്ദര്‍ സിംഗ് ധില്ലണ്‍ മാധ്യമങ്ങളോട് പറഞ്ഞു.