07/03/2026
[fontresizer_tawhidurrahmandear_widget]

സ്കൂട്ടർ കേടുവന്നതിൽ വീട്ടുകാർ വഴക്കുപറയുമോ എന്നു ഭയന്ന് 17-കാരൻ ജീവനൊടുക്കി

 സ്കൂട്ടർ കേടുവന്നതിൽ വീട്ടുകാർ വഴക്കുപറയുമോ എന്നു ഭയന്ന് 17-കാരൻ ജീവനൊടുക്കി

മംഗലാപുരം: ഓടിക്കുന്നതിനിടെ അപകടത്തിൽ സ്കൂട്ടർ കേടുവന്നതിൽ കുടുംബം വഴക്കു പറയുമോ എന്നു ഭയന്ന് പതിനേഴുകാരൻ ജീവനൊടുക്കി. കർണാടകയിലെ കുന്ദാപുരം സായിബ്രക്കട്ടെ കല്ലാടി സ്വദേശിയായ വൻഷിക് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ കാർഷിക ആവശ്യങ്ങൾക്കുള്ള കുളത്തിൽ ചാടിയാണ് വൻഷിക് ജീവൻ വെടിഞ്ഞത്.

മഞ്ജുനാഥ് ഷെട്ടിഗാർ-സൗമ്യ ദമ്പതികളുടെ ഏക മകനാണ് വൻഷിക്. കുന്ദാപുരത്തിന് സമീപത്തെ സ്വകാര്യ കോളേജിലെ കൊമേഴ്‌സ് ബിരുദ വിദ്യാർത്ഥിയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച രാവിലെ മഞ്ജുനാഥിന്റെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾ പോയിരുന്നു. ഈ സമയത്ത് വൻഷിക്കും മുത്തച്ഛനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചടങ്ങിലേക്ക് പോകുന്നതിനായി എത്തിയ ഒരു ബന്ധു തന്റെ സ്കൂട്ടർ ഇവരുടെ വീട്ടിൽ പാർക്ക് ചെയ്തിട്ടാണ് മറ്റുള്ളവർക്കൊപ്പം പോയത്. ഈ സ്കൂട്ടർ എടുത്ത് പുറത്തിറങ്ങിയ വൻഷിക് ഓടിക്കാൻ പഠിക്കുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.

വീട്ടുകാർ മടങ്ങിയെത്തുമ്പോൾ വഴക്ക് പറയുമെന്ന് ഭയന്ന വൻഷിക്, അപകടം നടന്ന സ്ഥലത്ത് തന്നെ തന്റെ ഹെൽമറ്റും മൊബൈൽ ഫോണും ഉപേക്ഷിച്ച് അവിടെ നിന്നും ഓടിപ്പോയി. വൈകുന്നേരമായിട്ടും വൻഷിക്കിനെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അപകടത്തിൽപ്പെട്ട സ്കൂട്ടറും വൻഷിക്കിന്റെ ഫോണും കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനടുത്തുള്ള കുളത്തിന് സമീപം വൻഷിക്കിന്റെ ഷർട്ടും ചെരിപ്പും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുളത്തിൽ തിരച്ചിൽ നടത്തുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.

മൃദുസ്വഭാവക്കാരനായ വൻഷിക് അമിതമായ ഭയം കാരണമാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് കരുതപ്പെടുന്നു.

Also read: