’ഭീകരതയും സഹകരണവും ഒരുമിച്ച് പോകില്ല; രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ ഏത് പ്രതിരോധ നടപടിയും സ്വീകരിക്കും’, പാകിസ്ഥാന് മുന്നറിയിപ്പുമായി എസ്. ജയശങ്കർ
ചെന്നൈ: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ‘മോശപെട്ട’ അയൽക്കാർക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്രാസ് ഐഐടിയിൽ നടന്ന പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയും സഹകരണവും ഒരേസമയം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് പാകിസ്ഥാന്റെ പേരെടുത്തു പറയാതെ മന്ത്രി ഓർമ്മിപ്പിച്ചു. ‘ഒരു രാജ്യം മനഃപൂർവ്വം ഭീകരവാദം തുടരാനാണ് തീരുമാനിക്കുന്നതെങ്കിൽ, അതിനെതിരെ നടപടിയെടുക്കാൻ നമ്മൾ ആരുടെയും അനുവാദം തേടേണ്ടതില്ല. നമ്മുടെ വെള്ളം പങ്കിടാൻ ആവശ്യപ്പെടുകയും അതേസമയം ഭീകരത വിതയ്ക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു. അയൽരാജ്യങ്ങളോടുള്ള ഇന്ത്യയുടെ സമീപനം ‘സാമാന്യബുദ്ധി’യിൽ അധിഷ്ഠിതമാണെന്നും ശത്രുതാപരമായ നിലപാട് തുടരുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
സൗഹൃദം പുലർത്തുന്ന അയൽരാജ്യങ്ങളെ സഹായിക്കുന്നതിൽ ഇന്ത്യ എപ്പോഴും മാതൃകയാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തെ വാക്‌സിൻ വിതരണം, സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയ്ക്ക് നൽകിയ 4 ബില്യൺ ഡോളറിന്റെ സഹായം എന്നിവ അദ്ദേഹം ഉദാഹരണമായി നിരത്തി.