17/06/2026
[fontresizer_tawhidurrahmandear_widget]

‘ഡൽഹിയിലെ മലിനീകരണത്തിന് കാരണം ഗൾഫിലെ പൊടിക്കാറ്റ്’- ടി.പി സെൻകുമാർ

 ‘ഡൽഹിയിലെ മലിനീകരണത്തിന് കാരണം ഗൾഫിലെ പൊടിക്കാറ്റ്’-  ടി.പി സെൻകുമാർ

ന്യൂഡൽഹി: ഉത്തരേന്ത്യയെ ശ്വാസംമുട്ടിക്കുന്ന വായു മലിനീകരണത്തില്‍ വിചിത്ര വാദവുമായി മുന്‍ ഡിജിപിയും ബിജെപി നേതാവുമായി ടി.പി സെന്‍കുമാര്‍. ഡല്‍ഹിയിലെ വായുമലിനീകരണത്തിനു പിന്നില്‍ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പൊടിക്കാറ്റും പ്രധാന കാരണമാകുന്നുവെന്ന് സെൻകുമാർ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ അവകാശവാദം.

ഡൽഹിയിലെ മലിനീകരണത്തിന്റെ 40 ശതമാനത്തോളം ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ മൂലമാണെന്ന് സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വാദിച്ചു. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലൂടെ സഞ്ചരിച്ചെത്തുന്ന ഈ പൊടിപടലങ്ങൾ, ശൈത്യകാലത്തെ പ്രത്യേക കാലാവസ്ഥാ സാഹചര്യം മൂലം ഉത്തരേന്ത്യൻ ആകാശത്ത് കെട്ടിക്കിടക്കുകയാണ്. ഹിമാലയത്തിന്റെ സാമീപം വായുസഞ്ചാരം കുറയ്ക്കുന്നതും മലിനീകരണം രൂക്ഷമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും ജനജീവിതത്തെയും മലിനീകരണം ഗുരുതരമായി ബാധിക്കുന്നുണ്ട്. ട്രംപിന്റെ രണ്ടാം വരവിലെ തീരുവ പരിഷ്‌കാരങ്ങൾ ഇന്ത്യയുടെ ജിഡിപിയെ ഒരു ശതമാനം ബാധിക്കുമ്പോൾ, വായുമലിനീകരണം വരുത്തുന്ന നഷ്ടം ഒമ്പത് ശതമാനത്തോളം വരും. പ്രതിവർഷം രണ്ടു ദശലക്ഷം ആളുകൾ ഇതുമൂലം മരിക്കുന്നുണ്ടെന്നും 130 കോടി മനുഷ്യ പ്രയത്‌ന ദിനങ്ങളാണ് രാജ്യത്തിന് നഷ്ടമാകുന്നതെന്നും സെന്‍കുമാര്‍ കുറിച്ചു.

ഹരിയാനയിലെയും പഞ്ചാബിലെയും വൈക്കോൽ കത്തിക്കൽ, വാഹനപ്പുക, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയും മലിനീകരണത്തിന് ആക്കം കൂട്ടുന്നു. ലഖ്‌നൗവിലും മുംബൈയിലും വരെ ഈ സാഹചര്യം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കൽ, വനവൽക്കരണം, സാറ്റലൈറ്റ് മോണിറ്ററിങ് തുടങ്ങിയ ശാസ്ത്രീയ മാർഗ്ഗങ്ങൾ അടിയന്തരമായി സ്വീകരിക്കണമെന്നും, ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് സർക്കാർ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും സെൻകുമാർ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Also read: