26/01/2026

ടിക്കറ്റെടുക്കുന്നവർ സൂക്ഷിക്കുക! വെറുമൊരു ട്രാഫിക് പിഴ നിങ്ങളുടെ യാത്ര മുടക്കുമോ? യുഎഇ യാത്രാവിലക്കിന്റെ നിയമങ്ങൾ ഇങ്ങനെ

 ടിക്കറ്റെടുക്കുന്നവർ സൂക്ഷിക്കുക! വെറുമൊരു ട്രാഫിക് പിഴ നിങ്ങളുടെ യാത്ര മുടക്കുമോ? യുഎഇ യാത്രാവിലക്കിന്റെ നിയമങ്ങൾ ഇങ്ങനെ

ദുബൈ: യുഎഇയിൽ യാത്രാ നിരോധനം പലപ്പോഴും പ്രവാസികളെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ്. നിയമപരമായ അവബോധക്കുറവും സിവിൽ, ക്രിമിനൽ കേസുകൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തതുമാണ് ഇതിന് പ്രധാന കാരണം. സാധാരണയായി കുടിശ്ശികയുള്ള കടങ്ങൾ, ചെക്ക് ബൗൺസ്, ക്രിമിനൽ കുറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഒരാൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്. എന്നാൽ ട്രാഫിക് പിഴകൾ അടയ്ക്കാത്തത് എപ്പോഴും യാത്രാ തടസ്സത്തിന് കാരണമാകുമോ എന്ന കാര്യത്തിൽ വ്യക്തത ആവശ്യമാണ്.

യാത്രാ നിരോധനം എങ്ങനെ വരുന്നു?
യുഎഇയിൽ സിവിൽ കേസുകളിലോ ക്രിമിനൽ കേസുകളിലോ ഉൾപ്പെടുമ്പോഴാണ് ഒരാൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്. വായ്പയോ മറ്റോ തിരിച്ചടയ്ക്കാത്ത സാഹചര്യത്തിൽ, കടം നൽകിയ വ്യക്തിക്കോ സ്ഥാപനത്തിനോ കോടതി വഴി യാത്രാ നിരോധനം ആവശ്യപ്പെടാം. 10,000 ദിർഹത്തിന് മുകളിലുള്ള കടബാധ്യതകൾക്കാണ് സാധാരണയായി സിവിൽ യാത്രാ നിരോധനം ഏർപ്പെടുത്താറുള്ളത്. കടക്കാരൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാൽ കോടതിക്ക് ഈ നടപടി സ്വീകരിക്കാം.

ചെക്ക് ബൗൺസ് കേസുകളിൽ നിലവിൽ നടപടികൾ വേഗത്തിലാണ്. ബൗൺസ് ആയ ചെക്ക് എക്‌സിക്യൂട്ടീവ് ഡീഡ് ആയി കണക്കാക്കുന്നതിനാൽ, പരാതിക്കാരന് നേരിട്ട് എക്‌സിക്യൂഷൻ കേസ് ഫയൽ ചെയ്യാം. തുക അടയ്ക്കാൻ നോട്ടീസ് ലഭിച്ചിട്ടും പരാജയപ്പെട്ടാൽ യാത്രാ നിരോധനം ഏർപ്പെടുത്തും.

ട്രാഫിക് പിഴകൾ വില്ലനാകുമോ?
സാധാരണ ഗതിയിൽ ചെറിയ ട്രാഫിക് നിയമലംഘനങ്ങൾ യാത്രാ നിരോധനത്തിന് കാരണമാകാറില്ല. അമിതവേഗതയോ സിഗ്‌നൽ ലംഘനമോ പോലുള്ള ഭരണപരമായ ലംഘനങ്ങൾക്ക് പിഴയോ വാഹനം കണ്ടുകെട്ടലോ ആണ് ശിക്ഷ. എന്നാൽ, പിഴ അടയ്ക്കാതെ ദീർഘകാലം തുടരുകയും അതൊരു സിവിൽ കടമായി മാറുകയും ചെയ്താൽ നിയമനടപടി ഉണ്ടാകാം.

അതേസമയം, ഗൗരവകരമായ ചില ട്രാഫിക് ലംഘനങ്ങൾ ക്രിമിനൽ കുറ്റമായി കണക്കാക്കി യാത്രാ വിലക്ക് ഏർപ്പെടുത്താറുണ്ട്:

  • മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക.
  • അശ്രദ്ധമായ ഡ്രൈവിങ് മൂലം മരണം അല്ലെങ്കിൽ പരിക്കുകൾ സംഭവിക്കുക.
  • വാഹനാപകടത്തിന് ശേഷം നിർത്താതെ പോവുക.
  • വലിയ തുക പിഴ വന്നിട്ടും അത് അടയ്ക്കാൻ നിരന്തരം വിസമ്മതിക്കുക.

സിവിൽ vs ക്രിമിനൽ നിരോധനങ്ങൾ
സിവിൽ നിരോധനങ്ങൾ പ്രധാനമായും വായ്പകൾ, വാടക കുടിശ്ശിക, ക്രെഡിറ്റ് കാർഡ് കുടിശ്ശിക എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇത് കോടതി വഴിയാണ് നടപ്പിലാക്കുന്നത്. എന്നാൽ ക്രിമിനൽ നിരോധനങ്ങൾ പോലീസ് അല്ലെങ്കിൽ പബ്ലിക് പ്രോസിക്യൂഷൻ നേരിട്ടാണ് ഏർപ്പെടുത്തുന്നത്. കേസ് അന്വേഷണം പൂർത്തിയാകുന്നത് വരെയോ കോടതി വിധി വരുന്നത് വരെയോ ഇത്തരം വിലക്കുകൾ നിലനിൽക്കും.

വിലക്ക് എങ്ങനെ നീക്കം ചെയ്യാം?
സിവിൽ കേസുകളിൽ കോടതി നിശ്ചയിച്ച തുക പൂർണ്ണമായി അടച്ചു തീർത്താൽ യാത്രാ വിലക്ക് നീക്കാൻ അപേക്ഷിക്കാം. തുക അടച്ച ശേഷം കോടതി അധികൃതരെ വിവരമറിയിക്കുകയും അവർ സിസ്റ്റത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നതോടെ വിലക്ക് നീങ്ങും. സാധാരണയായി രണ്ട് ദിവസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാകാറുണ്ട്. ക്രിമിനൽ കേസുകളിൽ അന്വേഷണം പൂർത്തിയാകുകയോ പിഴ അടയ്ക്കുകയോ കോടതി അനുമതി നൽകുകയോ ചെയ്താൽ മാത്രമേ യാത്ര സാധ്യമാകൂ.

യാത്രാ നിരോധനം നിലവിലുണ്ടോ എന്ന് വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ ഔദ്യോഗിക പോർട്ടലുകൾ വഴി പരിശോധിക്കുന്നത് പ്രവാസികൾക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.

Also read: