27/01/2026

കിഴക്കൻ ജറൂസലമിലെ UNRWA ആസ്ഥാനം ഇസ്രായേൽ തകർത്തു: അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎൻ

 കിഴക്കൻ ജറൂസലമിലെ UNRWA ആസ്ഥാനം ഇസ്രായേൽ തകർത്തു: അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎൻ

ജറൂസലം: അധിനിവേശ കിഴക്കൻ ജറൂസലമിലെ പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ ഉൻറ്വയുടെ (UNRWA) ആസ്ഥാനം ഇസ്രായേൽ അധികൃതർ തകർത്തു. ചൊവ്വാഴ്ച പുലർച്ചെ ബുൾഡോസറുകളുമായെത്തിയ ഇസ്രായേൽ സേന ഷെയ്ഖ് ജറയിലെ കോമ്പൗണ്ടിനുള്ളിലെ കെട്ടിടങ്ങൾ നിരപ്പാക്കുകയായിരുന്നു. സമുച്ചയത്തിന് മുകളിൽ ഇസ്രായേൽ പതാക ഉയർത്തുകയും ചെയ്തു. തീവ്ര വലതുപക്ഷവാദിയായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ സംഭവസ്ഥലത്ത് പൊളിക്കലിന് നേതൃത്വം നൽകി.

പുലർച്ചെ തന്നെ പ്രദേശം വളഞ്ഞ ഇസ്രായേൽ സൈന്യം, ചുറ്റുമുള്ള തെരുവുകൾ അടച്ചുപൂട്ടിയ ശേഷമാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. സമുച്ചയത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പുറത്താക്കുകയും അവരുടെ ആശയവിനിമയ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷമായി സുരക്ഷാ കാരണങ്ങളാൽ സമുച്ചയം സജീവമായിരുന്നില്ലെങ്കിലും, പലസ്തീൻ അഭയാർഥികൾക്കുള്ള സഹായം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഏകോപിപ്പിച്ചിരുന്നത് ഈ ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു.

സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണം നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇസ്രായേലിന്റെ ആഭ്യന്തര നിയമങ്ങൾ പാലിച്ചാണ് നടപടിയെന്നും അവർ അവകാശപ്പെട്ടു. ഉൻറ്വ ഭീകരവാദികളെ സഹായിക്കുന്ന സംഘടനയാണെന്നും ആസ്ഥാനം പൊളിച്ചത് ചരിത്രദിനമാണെന്നും ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു.

ഉൻറ്വ ജീവനക്കാർക്ക് ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം ഇസ്രായേൽ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് തെളിവുകൾ ഹാജരാക്കാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ലെന്നാണ് യുഎൻ വ്യക്തമാക്കുന്നത്. 

ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഉൻറ്വ കമ്മീഷണർ ജനറൽ ഫിലിപ്പ് ലാസാരിനി പറഞ്ഞു. “ഇതൊരു യുഎൻ ഏജൻസിക്ക് നേരെയുള്ള അഭൂതപൂർവമായ ആക്രമണമാണ്. പലസ്തീൻ അഭയാർഥികളുടെ സ്വത്വം ഇല്ലാതാക്കാനുള്ള ബോധപൂർവമായ നീക്കമാണിത്” – അദ്ദേഹം എക്സിൽ കുറിച്ചു. ഈ നടപടി മറ്റ് അന്താരാഷ്ട്ര സംഘടനകൾക്കെതിരായ ആക്രമണങ്ങൾക്ക് മാതൃകയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

2024 ഒക്ടോബറിൽ ഇസ്രായേൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം ഇസ്രായേൽ മണ്ണിൽ ഉനർവയുടെ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടികൾ. വരും ആഴ്ചകളിൽ ഏജൻസിയുടെ മറ്റ് സ്ഥാപനങ്ങളിലേക്കുള്ള ജല, വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കാനും നീക്കമുണ്ട്. 1949 മുതൽ പലസ്തീൻ അഭയാർഥികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന ഏജൻസിയാണ് ഉൻറ്വ. നിലവിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും ഉൾപ്പെടെ ഏകദേശം 5.5 ദശലക്ഷം അഭയാർഥികൾ ഈ ഏജൻസിയുടെ സേവനത്തെ ആശ്രയിച്ചാണ് കഴിയുന്നത്.

Also read: