വീണ്ടും നികുതി കൂട്ടി വിരട്ടാൻ യുഎസ്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 500% തീരുവ, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഭീഷണി
വാഷിംഗ്ടണ്‍: റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ ഉപരോധ ബില്ലിന് പച്ചക്കൊടി കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ്
വഌദിമിര്‍ പുടിന്റെ സൈനിക നീക്കങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ‘ഗ്രഹാംബ്ലൂമെന്റല്‍’ ഉപരോധ ബില്ലിനാണ് ട്രംപ് അംഗീകാരം നല്‍കിയത്. ഈ ബില്‍ നിയമമാകുന്നതോടെ റഷ്യയില്‍ നിന്ന് എണ്ണയോ യുറേനിയമോ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം ലഭിക്കും.
റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം, ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്റല്‍ എന്നിവര്‍ സംയുക്തമായാണ് ഉഭയകക്ഷി ബില്‍ അവതരിപ്പിച്ചത്. ഇന്നലെ വൈറ്റ് ഹൗസില്‍ വെച്ച് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗ്രഹാം നിര്‍ണായക വിവരം പുറത്തുവിട്ടത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മോസ്‌കോയെ സാമ്പത്തികമായി പൂര്‍ണ്ണമായും തളര്‍ത്തുക എന്നതാണ് പുതിയ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
അടുത്ത ആഴ്ച തന്നെ ബില്ലില്‍ വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. ബില്‍ പാസായാല്‍ അത് ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. നിലവില്‍ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്കയുമായി ശക്തമായ വ്യാപാര ബന്ധമുള്ള ഇന്ത്യയ്ക്ക് 500 ശതമാനം തീരുവ ഭീഷണി സാമ്പത്തിക നയതന്ത്ര രംഗത്ത് വലിയ വെല്ലുവിളിയാകും. ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ജാരെദ് കുഷ്‌നറും യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് ഇത്രയും കടുത്ത നിലപാടിലേക്ക് അമേരിക്ക നീങ്ങുന്നത്.