ഇൻഡോറിൽ മലിനജലം കുടിച്ച് 22 പേർക്ക് രോഗബാധ; മഞ്ഞപ്പിത്ത ലക്ഷണങ്ങളെന്ന് റിപ്പോർട്ട്
ഭോപ്പാൽ: മലിനമായ കുടിവെള്ളം ഉപയോഗിച്ചതിനെത്തുടർന്ന് ഇൻഡോറിലെ മൗ പട്ടണത്തിൽ കുട്ടികളടക്കം 22 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി റിപ്പോർട്ട്. പാട്ടി ബസാർ, ചന്ദർ മാർഗ് പ്രദേശങ്ങളിലെ താമസക്കാർക്കാണ് പ്രധാനമായും അസുഖം ബാധിച്ചത്. സംഭവത്തെത്തുടർന്ന് ഇൻഡോർ കളക്ടർ ശിവം വർമ്മ ഇന്നലെ രാത്രി പ്രദേശത്ത് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
രോഗബാധിതരായ ഒമ്പത് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് വീടുകളിൽ തന്നെ ചികിത്സ ലഭ്യമാക്കി വരുന്നു. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം) ബാധിച്ചതാകാം രോഗികളിൽ ഭൂരിഭാഗം പേർക്കുമെന്നാണ് രക്തപരിശോധനയിൽ വ്യക്തമായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കന്റോൺമെന്റ് ബോർഡും ആരോഗ്യവകുപ്പും സംയുക്തമായി അസുഖബാധിത പ്രദേശങ്ങളിൽ സർവേ ആരംഭിച്ചിട്ടുണ്ട്.
പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം അടിയന്തരമായി പരിശോധിക്കാൻ കളക്ടർ നിർദ്ദേശം നൽകി. നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും അദ്ദേഹം അറിയിച്ചു. കുടിവെള്ള സ്രോതസ്സുകളിലെ മലിനീകരണം തടയാനും ശുചിത്വം ഉറപ്പാക്കാനും കന്റോൺമെന്റ് ബോർഡിന് കളക്ടർ കർശന നിർദ്ദേശം നൽകി.