ഫോൺ ക്യാമറയിൽ ചുവന്ന സ്റ്റിക്കർ; നെതന്യാഹു ആരെയാണ് ഭയപ്പെടുന്നത്? സുരക്ഷാ രഹസ്യം പുറത്ത്
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കൈവശമുള്ള സ്മാർട്ട്‌ഫോണിന്റെ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ ഫോണിന്റെ പിൻ ക്യാമറയും സെൻസറുകളും കട്ടിയുള്ള ചുവന്ന ടേപ്പ് ഉപയോഗിച്ച് മറച്ചിരിക്കുന്ന നെതന്യാഹുവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇസ്രയേൽ പാർലമെന്റായ ‘നെസെറ്റിന്റെ’ പാർക്കിംഗിൽ വെച്ച് പകർത്തിയ ചിത്രങ്ങളിൽ ‘ചുവപ്പ് രഹസ്യം’ വ്യക്തമായി കാണാം.
അമേരിക്കൻ മാധ്യമമായ ഹൈപ്പ്ഫ്രഷിന്റെ റിപ്പോർട്ട് പ്രകാരം, ഇത് വെറുമൊരു പ്ലാസ്റ്റർ അല്ല, മറിച്ച് അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ‘ടാമ്പർ എവിഡന്റ് സീൽ’ (Tamper-evident seal) ആണ്. സെൻസിറ്റീവ് വിവരങ്ങൾ അബദ്ധത്തിലോ മനഃപൂർവ്വമോ ക്യാമറയിൽ പതിയുന്നത് തടയാനാണ് ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത്.
എന്തുകൊണ്ട് മുൻകരുതൽ?
സ്മാർട്ട്‌ഫോണുകളിലെ ക്യാമറകളും മൈക്രോഫോണുകളും ഹാക്ക് ചെയ്യപ്പെടാനും അതുവഴി രഹസ്യങ്ങൾ ചോർത്തപ്പെടാനും സാധ്യതയുണ്ടെന്ന് നെതന്യാഹു ഭയപ്പെടുന്നു. ലോകപ്രശസ്തമായ ‘പെഗാസസ്’ സ്‌പൈവെയർ വികസിപ്പിച്ച രാജ്യത്തിന്റെ തലവൻ തന്നെ പേടികൊണ്ട് ഇത്തരമൊരു സുരക്ഷാ നടപടി സ്വീകരിക്കുന്നത് സാധാരണക്കാരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സ്വന്തം രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളെയോ ശത്രുരാജ്യങ്ങളുടെ സൈബർ ആക്രമണത്തെയോ അദ്ദേഹം ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് പോഡ്കാസ്റ്റർ മാരിയോ നൗഫാൽ ഉൾപ്പെടെയുള്ളവർ ഉയർത്തുന്നത്.
ദേശീയ സുരക്ഷാ നിയമങ്ങൾ കർശനമായ ഇസ്രയേലിൽ, പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾക്കുള്ളിൽ ഫോട്ടോ എടുക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.