സ്ത്രീശാക്തീകരണ പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് സ്ത്രീകൾ ഇറങ്ങിപ്പോയി; രോഷാകുലനായി നിതീഷ് കുമാർ
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്ത പൊതുപരിപാടിയിൽ നാടകീയ രംഗങ്ങൾ. സർക്കാരിന്റെ സ്ത്രീക്ഷേമ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ഒരു കൂട്ടം സ്ത്രീകൾ സദസ്സിൽ നിന്ന് എഴുന്നേറ്റു പോയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സിവാനിൽ നടന്ന ‘സമൃദ്ധി യാത്ര’യുടെ ഭാഗമായുള്ള ചടങ്ങിലായിരുന്നു സംഭവം.
തന്റെ സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതിനിടെയാണ് സ്ത്രീകൾ കൂട്ടത്തോടെ പുറത്തേക്ക് പോകാൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നിതീഷ് കുമാർ പ്രസംഗം നിർത്തിവെച്ച് അത്യന്തം രോഷത്തോടെയാണ് പ്രതികരിച്ചത്. ‘നിങ്ങളെന്തിനാണ് ഓടിപ്പോകുന്നത്? പറയുന്നത് ശ്രദ്ധിച്ചു കേട്ടില്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി സർക്കാർ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എങ്ങനെ മനസ്സിലാകും?’ എന്ന് അദ്ദേഹം മൈക്കിലൂടെ ചോദിച്ചു. എഴുപത്തിയാറാം വയസ്സിലേക്ക് കടക്കുന്ന നിതീഷ് കുമാർ ഏറെ അക്ഷമനായാണ് സദസ്സിനോട് സംസാരിച്ചത്.
സംസ്ഥാന വ്യാപകമായി നടത്തുന്ന സമൃദ്ധി യാത്രയുടെ ഭാഗമായി 202 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് സിവാനിൽ അദ്ദേഹം തുടക്കം കുറിച്ചത്. 157 കോടി രൂപയുടെ 40 പദ്ധതികൾക്ക് തറക്കല്ലിടുകയും 45 കോടി രൂപയുടെ 31 പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജെഡിയുഅധ്യക്ഷൻ കൂടിയായ നിതീഷ് കുമാർ വനിതാ വോട്ടർമാർക്കിടയിലുള്ള സ്വാധീനം ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.