മുന്‍ മേയറുടെ ഇസ്രയേല്‍ അനുകൂല ഉത്തരവുകള്‍ റദ്ദാക്കി സൊഹ്റാന്‍ മംദാനി; ഭവനനയങ്ങളില്‍ അടിമുടി മാറ്റം
പുതിയ ഭരണസമിതിയെ സാക്ഷിനിര്‍ത്തി എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവച്ച ശേഷം ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി
ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി അധികാരമേറ്റ സൊഹ്‌റാന്‍ മംദാനി, ആദ്യ ദിനത്തില്‍ തന്നെ നിര്‍ണായകമായ ഭരണപരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുന്‍ഗാമി എറിക് ആഡംസ് കൊണ്ടുവന്ന വിവാദപരമായ ഇസ്രയേല്‍ അനുകൂല ഉത്തരവുകള്‍ റദ്ദാക്കിയതിനൊപ്പം, നഗരത്തിലെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കുന്നതിനായി സുപ്രധാനമായ എക്‌സിക്യൂട്ടീവ് ഉത്തരവുകളിലും അദ്ദേഹം ഒപ്പുവച്ചു.
മുന്‍ മേയര്‍ എറിക് ആഡംസ് തന്റെ കാലാവധിയുടെ അവസാന നാളുകളില്‍ ഒപ്പുവച്ച, ഇസ്രയേലിനെ ബഹിഷ്‌കരിക്കുന്നതില്‍നിന്ന് സിറ്റി ഏജന്‍സികളെ വിലക്കുന്ന ഉത്തരവാണ് മംദാനി റദ്ദാക്കിയവയില്‍ പ്രധാനപ്പെട്ടത്. ഇതോടൊപ്പം, ഇസ്രയേലിനെതിരായ വിമര്‍ശനങ്ങളെ ജൂതവിരുദ്ധതയായി കണക്കാക്കുന്ന ‘ഇന്റര്‍നാഷണല്‍ ഹോളോകോസ്റ്റ് റിമെംബ്രന്‍സ് അലയന്‍സ്'(IHRA) നിര്‍വചനത്തെ അംഗീകരിക്കുന്ന ഉത്തരവും പിന്‍വലിച്ച കൂട്ടത്തിലുണ്ട്.
ഈ നീക്കത്തെ ഫലസ്തീന്‍ അനുകൂല സംഘടനകളും പൗരാവകാശ പ്രവര്‍ത്തകരും സ്വാഗതം ചെയ്തു. ആഡംസിന്റെ ഉത്തരവുകള്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായിരുന്നുവെന്നും, പുതിയ നടപടി ഭരണഘടനാപരമായ അവകാശങ്ങളെ സംരക്ഷിക്കുന്നതാണെന്നും കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (CAIR-NY) പോലുള്ള സംഘടനകള്‍ പ്രസ്താവിച്ചു. ആഡംസിന്റെ ‘ഇസ്രയേല്‍ ഫസ്റ്റ്’ നയങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഇതിനെ അവര്‍ വിശേഷിപ്പിക്കുന്നത്.
അതേസമയം, ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയവും വിവിധ ജൂത സംഘടനകളും സൊഹ്‌റാന്‍ മംദാനിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മംദാനിയുടെ തീരുമാനം ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടുമെന്നും ‘കത്തിപ്പടരുന്ന തീയില്‍ എണ്ണയൊഴിക്കുന്നതിന്’ തുല്യമാണെന്നും ഇസ്രയേല്‍ പ്രതികരിച്ചു. എന്നാല്‍, ജൂതവിരുദ്ധതയെ ഉള്‍പ്പെടെ ചെറുക്കുന്നതിനുള്ള ഓഫീസ്(Office to Combat Antisemitism) നിലനിര്‍ത്തുമെന്നും, വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും സൊഹ്‌റാന്‍ മംദാനി വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മംദാനി ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയ പാര്‍പ്പിട പ്രശ്‌നങ്ങളില്‍ അദ്ദേഹം ക്രിയാത്മകമായി ഇടപെടുന്നതിന്റെ സൂചനയും ആദ്യദിനം നല്‍കുന്നുണ്ട്. ഭവന നിര്‍മാണം വേഗത്തിലാക്കുന്നതിനും, പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ അനുയോജ്യമായ സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിനുമായി ‘ലാന്‍ഡ് ഇന്‍വെന്ററി ഫാസ്റ്റ് ട്രാക്ക്'(LIFT) ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ ലാഭത്തേക്കാള്‍ സാധാരണക്കാരുടെ ക്ഷേമത്തിനും യൂനിയന്‍ തൊഴിലുകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട്, വരുന്ന വേനല്‍ക്കാലത്തിനുള്ളില്‍ ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
കൂടാതെ, വാടകക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ‘മേയേഴ്‌സ് ഓഫീസ് ടു പ്രൊട്ടക്റ്റ് ടെനന്റ്‌സ്’ എന്ന സംവിധാനം മംദാനി തിരിച്ചുകൊണ്ടുവന്നു. നഗരവാസികളില്‍ 70 ശതമാനത്തോളം വാടകക്കാരായ ന്യൂയോര്‍ക്കില്‍, കുതിച്ചുയരുന്ന വാടകയും കുടിയൊഴിപ്പിക്കലും തടയാന്‍ ഈ നീക്കം സഹായിക്കും. വാടകക്കാരെ ശല്യക്കാരായി കാണുന്നതിന് പകരം നയരൂപീകരണത്തിലെ പ്രധാന കണ്ണികളായി മാറ്റാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
സിറ്റി ഹാളിലെ അധികാരഘടനയിലും സൊഹ്‌റാന്‍ വലിയ മാറ്റങ്ങള്‍ വരുത്തി. എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 02 പ്രകാരം, ഹൗസിങ്, സാമ്പത്തിക നീതി (Economic Justice), ഹ്യൂമന്‍ സര്‍വീസസ് എന്നിവയെ ഡെപ്യൂട്ടി മേയറുടെ ചുമതലകളിലേക്ക് ഉയര്‍ത്തി. ബിസിനസ് താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുന്ന പഴയ രീതി (നിയോലിബറല്‍ മാതൃക) ഉപേക്ഷിച്ച്, അസമത്വത്തെ ഭരണകൂടത്തിന്റെ മുഖ്യ വെല്ലുവിളിയായി കണ്ട് പരിഹരിക്കാനാണ് ഈ പുനഃസംഘടനയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്. പഴയ ഭരണരീതികളില്‍ നിന്നുള്ള സമ്പൂര്‍ണമായ വിടുതലും ജനകീയ രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമാണ് സൊഹ്‌റാന്‍ മംദാനിയുടെ ആദ്യ ഉത്തരവുകള്‍ വ്യക്തമാക്കുന്നത്.