02/03/2026
[fontresizer_tawhidurrahmandear_widget]

തിരുവനന്തപുരത്ത് വോട്ടർപട്ടികയിൽ നിന്ന് 85,000 ഫ്ലാറ്റ് നിവാസികൾ പുറത്ത്; പ്രതിസന്ധിയായി ‘നോ മാപ്പിങ്’

 തിരുവനന്തപുരത്ത് വോട്ടർപട്ടികയിൽ നിന്ന് 85,000 ഫ്ലാറ്റ് നിവാസികൾ പുറത്ത്; പ്രതിസന്ധിയായി ‘നോ മാപ്പിങ്’

തിരുവനന്തപുരം: തലസ്ഥാനത്തെ നാല് പ്രധാന നഗര മണ്ഡലങ്ങളിൽ നിന്നായി 1.61 ലക്ഷം വോട്ടർമാർ വോട്ടർപട്ടികയിൽ നിന്ന് അപ്രത്യക്ഷമായതായി റിപ്പോർട്ട്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (SIR) ഭാഗമായി നടന്ന പരിശോധനയിലാണ് ഇത്രയധികം പേർ ഒഴിവാക്കപ്പെട്ടത്. തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് വൻ കുറവ് രേഖപ്പെടുത്തിയത്. വോട്ടർമാരുടെ വിവരങ്ങൾ മുൻപട്ടികയുമായി കൂട്ടിയിണക്കാൻ കഴിയാത്ത ‘നോ മാപ്പിങ്’ (No Mapping) പ്രതിസന്ധിയാണ് ഇതിന് പ്രധാന കാരണമായത്.

ഒഴിവാക്കപ്പെട്ടവരിൽ 85,000ത്തോളം പേർ ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും താമസിക്കുന്നവരാണ്. മുൻകാലങ്ങളിൽ റസിഡൻസ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേര് ചേർത്ത പലരെയും കണ്ടെത്താൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് കഴിഞ്ഞില്ല. വട്ടിയൂർക്കാവിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ (42,506) പട്ടികയ്ക്ക് പുറത്തായത്. മാപ്പിങ് നിർബന്ധമാക്കിയതോടെ മതിയായ രേഖകളില്ലാത്തവരെ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാവുകയായിരുന്നു.

അതേസമയം, തെക്കൻ കേരളത്തിൽ വോട്ടർമാരുടെ എണ്ണം കുറയുമ്പോൾ വടക്കൻ ജില്ലകളിൽ നേർവിപരീതമാണ് സാഹചര്യം. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ടായി. വേങ്ങര മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ പുതുതായി എത്തിയത് (19,297 പേർ). വോട്ടർമാർ കൂട്ടത്തോടെ ഒഴിവാക്കപ്പെട്ടതോടെ തലസ്ഥാനത്തെ നാല് മണ്ഡലങ്ങളിലും പുതിയ വോട്ടർമാരെ ചേർക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ മുന്നണികൾ.

Also read: