02/03/2026
[fontresizer_tawhidurrahmandear_widget]

ലോകം ‘ഭരിക്കുന്ന’ ഇന്ത്യ; ആഗോള കമ്പനികളുടെ തലപ്പത്തുള്ള 10 ഇന്ത്യക്കാർ

 ലോകം ‘ഭരിക്കുന്ന’ ഇന്ത്യ; ആഗോള കമ്പനികളുടെ തലപ്പത്തുള്ള 10 ഇന്ത്യക്കാർ

അങ്ങ് ദൂരെ സിലിക്കൺ വാലി മുതൽ വാഷിങ്ടണിലെ വേൾഡ് ബാങ്ക് വരെ ഇന്ന് ഒരേയൊരു ശബ്ദമേ കേൾക്കുന്നുള്ളൂ; അത് ഇന്ത്യൻ കരുത്തിന്റേതാണ്. ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും അമരത്ത് വലിയൊരു സംഘം ഇന്ത്യക്കാർ ഇരിക്കുന്നത് കേവലം യാദൃശ്ചികതയല്ല, മറിച്ച് കഠിനാധ്വാനത്തിന്റെയും ബുദ്ധിശക്തിയുടെയും വിജയഗാഥയാണതിനു പറയാനുള്ളത്.

നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളുടെ നിയന്ത്രണം സത്യ നദെല്ലയുടെയും സുന്ദർ പിച്ചൈയുടെയും കൈകളിലാണെന്ന് നമുക്കറിയാം. എന്നാൽ, അതിനും അപ്പുറത്തേക്ക് ഐബിഎം പോലുള്ള പാരമ്പര്യമുള്ള ടെക് കമ്പനിയെ നയിക്കുന്നത് അരവിന്ദ് കൃഷ്ണയാണ്. മൈക്രോൺ ടെക്‌നോളജിയുടെ തലപ്പത്ത് സഞ്ജയ് മെഹ്റോത്രയും, അഡോബിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന ശാന്തനു നാരായണും ഇന്ത്യക്കാരന്റെ കഴിവ് ലോകത്തിന് മുന്നിൽ തെളിയിച്ചവരാണ്.

സൈബർ സുരക്ഷാ രംഗത്തെ അതികായന്മാരായ പാലോ ആൾട്ടോ നെറ്റ്വർക്‌സിന്റെ സിഇഒ നികേഷ് അറോറ, അരിസ്റ്റ നെറ്റ്വർക്‌സിന്റെ ജയ്ശ്രീ ഉല്ലാൽ ഈ പട്ടികയിലെ ശ്രദ്ധേയമായ പേരുകളാണ്. സാങ്കേതികവിദ്യയുടെ ഓരോ തലത്തിലും ഇന്ത്യക്കാരുടെ കൃത്യമായ ഇടപെടലുകൾ നമുക്ക് ഇന്നു കാണാൻ സാധിക്കും. സാങ്കേതികരംഗം മാത്രമല്ല, ലോക സമ്പദ്വ്യവസ്ഥയുടെ ഗതി നിയന്ത്രിക്കുന്ന ലോകബാങ്കിന്റെ പ്രസിഡന്റായി അജയ്പാൽ സിങ് ബംഗ എത്തിയത് ഈ വിജയയാത്രയിലെ ഏറ്റവും തിളക്കമുള്ള അധ്യായമാണ്.

ഈ ആഗോള പട്ടികയിൽ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്. നെറ്റ് ആപ്പ് സിഇഒ ആയി ശ്രദ്ധേയനായ ജോർജ് കുര്യനാണ് അതിനു കാരണക്കാരൻ. കോട്ടയം പാമ്പാടി സ്വദേശിയായ ഇദ്ദേഹം ഐഐടി മദ്രാസിൽനിന്നാണ് എഞ്ചിനീയറിങ് പൂർത്തിയാക്കിയത്. പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് ഉപരിപഠനം പൂർത്തിയാക്കി. ഗൂഗിളിലും അക്കാമൈയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച ശേഷമാണ് അദ്ദേഹം നെറ്റ് ആപ്പിന്റെ നേതൃത്വത്തിലേക്ക് എത്തിയത്. അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡിന്റെ സിഇഒ ആണെന്നതും ശ്രദ്ധേയമാണ്.

ഇന്ന് ലോകം ഉറ്റുനോക്കുന്ന തീരുമാനങ്ങൾ എടുക്കുന്നത് ഇന്ത്യയുടെ മണ്ണിൽ ജനിച്ച്, ലോകനിലവാരത്തിലുള്ള കാഴ്ചപ്പാടുകളും പ്രതിഭയും കൊണ്ടു തിളങ്ങുന്ന ഈ നേതാക്കളാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഈ മാറ്റം വരുംതലമുറയിലെ ആയിരക്കണക്കിന് യുവാക്കൾക്ക് വലിയ സ്വപ്‌നങ്ങൾ കാണാനുള്ള പ്രചോദനവും ഇന്ധനവും കൂടിയാണ്.

മുകളിൽ പറഞ്ഞ പത്തു പേരുടെ ചുരുക്കവിവരം കൂടി അറിയാം:

സുന്ദർ പിച്ചൈ: ചെന്നൈ സ്വദേശി. ഐഐടി ഖരഗ്പൂർ പൂർവ വിദ്യാർത്ഥി. 2004-ൽ ഗൂഗിളിൽ ചേർന്നു. 1.6 ബില്യൻ ഡോളർ ആസ്തി.
സത്യ നദെല്ല: ഹൈദരാബാദ് സ്വദേശി. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് പഠനം. 350 മില്യൻ ഡോളർ ആസ്തി.
ജയ്ശ്രീ ഉല്ലാൽ: ലണ്ടനിൽ ജനനം, ഡൽഹിയിൽ വളർന്നു. സിസ്‌കോയിലെ സേവനത്തിന് ശേഷം അരിസ്റ്റയുടെ സിഇഒ ആയി. 5.7 ബില്യൻ ഡോളർ ആസ്തി.
അജയ്പാൽ സിങ് ബംഗ: പൂനെയിൽ ജനനം. മാസ്റ്റർകാർഡ് സിഇഒ ആയിരുന്നു. ഇപ്പോൾ ലോകബാങ്ക് പ്രസിഡന്റ്. 200 മില്യൻ ഡോളർ ആസ്തി.
അരവിന്ദ് കൃഷ്ണ: ആന്ധ്രാപ്രദേശ് സ്വദേശി. ഐഐടി കാൺപൂർ പൂർവ വിദ്യാർത്ഥി. 30 വർഷത്തിലേറെയായി ഐബിഎമ്മിൽ. 100 മില്യൻ ഡോളർ ആസ്തി.
നികേഷ് അറോറ: ഉത്തർപ്രദേശ് സ്വദേശി. ഐഐടി വാരണാസിയിൽനിന്ന് പഠനം. ഗൂഗിളിലും സോഫ്റ്റ് ബാങ്കിലും പ്രവർത്തിച്ചു. 1.5 ബില്യൻ ഡോളർ ആസ്തി.
ശാന്തനു നാരായൺ: ഹൈദരാബാദ് സ്വദേശി. ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് എഞ്ചിനീയറിങ് പഠനം. 220 മില്യൻ ഡോളർ ആസ്തി.
സഞ്ജയ് മെഹ്റോത്ര: ഡൽഹി സ്വദേശി. സാൻഡിസ്‌കിന്റെ സഹസ്ഥാപകൻ കൂടിയാണ് ഇദ്ദേഹം. 460 മില്യൻ ഡോളർ ആസ്തി.
ജോർജ് കുര്യൻ: കേരളത്തിലെ കോട്ടയം സ്വദേശി. ഐഐടി മദ്രാസിലെ പഠനത്തിന് ശേഷം വിദേശത്തേക്ക് ചേക്കേറി. 160 മില്യൻ ഡോളർ ആസ്തി.
സഞ്ജയ് കുമാർ ഝാ: ബിഹാർ സ്വദേശി. മോട്ടോറോള മൊബിലിറ്റിയുടെ മുൻ സിഇഒ കൂടിയാണ്. 3.1 ബില്യൻ ഡോളർ ആസ്തി.

Also read: