ഇരുകാലുകളും തളർന്ന ഉമ്മയെ നോക്കാൻ അച്ചാർ വിൽക്കാനിറങ്ങി 13കാരൻ; മുന്നിൽ നോട്ടുകെട്ടുകളുമായി ഉബൈദിന്റെ സർപ്രൈസ്
കാസർകോട്: ദുരിതക്കടലിലും തളരാത്ത പുഞ്ചിരിയോടെ പോരാടുന്ന ഒരു 13 വയസ്സുകാരന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കാസർകോട് ടൗണിലെ ട്രാഫിക് സിഗ്നലിൽ അച്ചാർ കുപ്പികളുമായി നിൽക്കുന്ന ബദറുദ്ദീൻ എന്ന മിടുക്കനെ തേടി പ്രമുഖ വ്ലോഗർ ഉബൈദ് എത്തിയതോടെയാണ് ഈ കൊച്ചു പോരാളിയുടെ ജീവിതം പുറംലോകം അറിഞ്ഞത്.
സിഗ്നലിൽ പതിവുപോലെ അച്ചാർ വിൽക്കുന്നതിനിടയിലാണ് ഉബൈദ് അപ്രതീക്ഷിതമായി മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പതിവുപോലെ നോട്ടെണ്ണൽ ചലഞ്ചുമായായിരുന്നു വരവ്. ആദ്യം തന്നെ തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഉബൈദ് ചലഞ്ചിലേക്കു കടന്നത്. അതിനിടയിൽ കൊച്ചുമിടുക്കന്റെ പേരുവിവരങ്ങളും ചോദിച്ചറിഞ്ഞു.
എന്ത് വേണമെന്ന് ചോദിച്ചപ്പോൾ ‘ഒന്നും വേണ്ട’ എന്ന സ്നേഹപൂർവമുള്ള മറുപടിയാണ് കുട്ടി നൽകിയത്. എന്തിനാണ് ഈ പ്രായത്തിൽ അച്ചാർ വിൽക്കുന്നത് എന്ന ചോദ്യത്തിന് ബദറുദ്ദീൻ നൽകിയ മറുപടി ഏതൊരാളുടെയും കണ്ണ് നിറയിക്കുന്നതായിരുന്നു. ‘ഉമ്മായ്ക്ക് ജനിച്ചപ്പോഴേ കാലിനു ശേഷിയില്ല. നടക്കാൻ പറ്റില്ല. ഉപ്പ കർണാടകയിലുമാണുള്ളത്.’
എന്നും വൈകീട്ട് ബദ്റുദ്ദീൻ അച്ചാറുമായി നഗരത്തിലെത്തും. കച്ചവടം ചെയ്തു കിട്ടുന്ന തുകയുമായി രാത്രി എട്ടു മണിയോടെ തിരികെ വീട്ടിലേക്കു മടങ്ങുകയും ചെയ്യുമെന്ന് അവൻ പറഞ്ഞു.
ഉമ്മയുടെ അവസ്ഥയും കുടുംബത്തിന്റെ കഷ്ടപ്പാടും തിരിച്ചറിഞ്ഞ ഉബൈദ്, അവനെ സഹായിക്കാൻ ഒരു സ്പീഡ് കൗണ്ടിങ് ചലഞ്ച് നൽകി. കൈയിലുണ്ടായിരുന്ന 200 രൂപയുടെ നോട്ടുകെട്ടുകൾ നൽകി വേഗത്തിൽ എണ്ണിത്തീർക്കാൻ ആവശ്യപ്പെട്ടു. ചുറ്റും ആളുകൾ കൂടിനിന്ന ടെൻഷനിലും ബദറുദ്ദീന്റെ വിരൽത്തുമ്പുകൾ മിന്നൽ വേഗത്തിൽ ചലിച്ചു.
ഒടുവിൽ അവൻ എണ്ണിത്തീർത്തത് 19,600 രൂപയായിരുന്നു! ആ തുക മുഴുവൻ ഉബൈദ് അവന് സമ്മാനമായി നൽകി. സന്തോഷമായോ എന്നു ചോദിച്ചപ്പോൾ ആ കൊച്ചുമിടുക്കൻ നൽകിയ മറുപടിയിലുണ്ട് എല്ലാം: ”ഒരുപാട് സന്തോഷം. കുറേ കടങ്ങളുണ്ട്, അത് വീട്ടണം. ഈ കാശ് ഞാൻ ഉമ്മയ്ക്ക് കൊണ്ടുപോയി കൊടുക്കും.”
അവസാനമായൊരു അഭ്യർഥനയുമായാണ് ഉബൈദ് വീഡിയോ അവസാനിപ്പിക്കുന്നത്. കാസർകോട് ഫ്രഷ് ക്ലബ്ബ് സിഗ്നലിൽ എപ്പോഴും ബദറുദ്ദീനെ കാണാമെന്നും, ആ വഴി പോകുന്നവർ ഒരു കുപ്പി അച്ചാർ എങ്കിലും വാങ്ങി ഈ കുടുംബത്തെ സഹായിക്കണമെന്നും ഉബൈദ് അഭ്യർത്ഥിച്ചു. തന്റെ പ്രായത്തിലുള്ള കുട്ടികൾ കളിച്ചുനടക്കുമ്പോൾ, ഉമ്മയുടെ കണ്ണുനീർ തുടയ്ക്കാൻ തെരുവിലിറങ്ങിയ ബദറുദ്ദീൻ അതിജീവനത്തിന്റെ വലിയൊരു മാതൃകയായി മാറുകയാണ്.