06/03/2026
[fontresizer_tawhidurrahmandear_widget]

പിതാവിനെ വെടിവെച്ചുകൊന്നു; മൃതദേഹം വെട്ടിനുറുക്കിയത് സഹോദരിയുടെ മുന്നിൽ, 21കാരൻ അറസ്റ്റിൽ

 പിതാവിനെ വെടിവെച്ചുകൊന്നു; മൃതദേഹം വെട്ടിനുറുക്കിയത് സഹോദരിയുടെ മുന്നിൽ, 21കാരൻ അറസ്റ്റിൽ

ലഖ്‌നൗ: ലഖ്‌നൗവിൽ പിതാവിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ 21കാരനായ മകൻ അറസ്റ്റിൽ. ഫാർമസ്യൂട്ടിക്കൽ, മദ്യ വ്യാപാര മേഖലകളിൽ ബിസിനസ് നടത്തിയിരുന്ന മാനവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് വെടിവെച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി നശിപ്പിക്കാനും പ്രതി ശ്രമിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മാനവേന്ദ്ര സിങ്ങിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ വീപ്പയ്ക്കുള്ളിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് അക്ഷതിനെ പോലീസ് ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ കരിയറിനെ ചൊല്ലി പിതാവുമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മകൻ മെഡിക്കൽ മേഖലയിൽ കരിയർ കണ്ടെത്തണമെന്ന് മാനവേന്ദ്ര സിങ് ആഗ്രഹിച്ചിരുന്നെങ്കിലും അക്ഷത് ഇതിനെ എതിർത്തിരുന്നു. ഇതിന്റെ പേരിൽ മുൻപും ഇവർ തമ്മിൽ വഴക്കുകൾ ഉണ്ടാവുകയും അക്ഷത് വീട്ടിൽ നിന്ന് ഒളിച്ചോടുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 4:30ഓടെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും അക്ഷത് പിതാവിനെ തോക്കുപയോഗിച്ച് വെടിവെക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം താഴത്തെ നിലയിലേക്ക് മാറ്റി അവിടെ വെച്ച് കഷ്ണങ്ങളാക്കി മുറിച്ചു. ഈ ക്രൂരകൃത്യം നേരിൽ കണ്ട സഹോദരിയെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കിയ ശേഷം അവളുടെ മുന്നിൽ വെച്ചുതന്നെ മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി. ചില ഭാഗങ്ങൾ വീടിന് സമീപം ഉപേക്ഷിക്കുകയും ബാക്കിയുള്ളവ വീട്ടിലെ ഡ്രമ്മിൽ ഒളിപ്പിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വിക്രാന്ത് വീർ അറിയിച്ചു.

Also read: