കെജ്രിവാളിന്റെ മടങ്ങിവരവ്; മാർച്ച് ഒന്നിന് ഡൽഹിയിൽ എഎപിയുടെ മെഗാ റാലി
ന്യൂഡൽഹി: കോടതി വിധിയിലൂടെ രാഷ്ട്രീയ കരുത്ത് വീണ്ടെടുത്ത ആം ആദ്മി പാർട്ടി വൻ ആവേശത്തോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് സജീവമാകുന്നു. ഇതിന്റെ ഭാഗമായി മാർച്ച് ഒന്നിന് ഡൽഹി ജന്തർ മന്തറിൽ പാർട്ടി മെഗാ റാലി സംഘടിപ്പിക്കുമെന്ന് എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് അറിയിച്ചു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാളിന് ലഭിച്ച വിധി ചരിത്രപരമാണെന്നും ഇത് പാർട്ടിയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജോലി നഷ്ടപ്പെട്ട മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ, നഴ്സുമാർ, പത്തായിരത്തോളം ബസ് മാർഷലുകൾ തുടങ്ങിയവർ യൂണിഫോം ധരിച്ച് റാലിയിൽ പങ്കെടുക്കും. മനീഷ് സിസോദിയ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കൊപ്പം കെജ്രിവാൾ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ റാലിയിൽ ഉന്നയിക്കും. വരും ദിവസങ്ങളിൽ കെജ്രിവാൾ ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കായി കൃത്യമായ റോഡ് മാപ്പ് തയ്യാറാക്കുമെന്നും സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.
കെജ്രിവാളിന്റെ പ്രതിച്ഛായ തകർക്കാൻ ബിജെപി നടത്തിയ ഗൂഢാലോചനകൾ പരാജയപ്പെട്ടുവെന്ന് വിധിയിലൂടെ തെളിഞ്ഞതായി പാർട്ടി അവകാശപ്പെടുന്നു. ഐഐടി ബിരുദധാരിയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ കെജ്രിവാൾ ജനങ്ങൾക്ക് വേണ്ടിയാണ് ജയിലിൽ പോയതെന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ മണ്ഡലം തലത്തിൽ സഭകളും യോഗങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികളിലൂടെ ഡൽഹിയിലെ വികസന പ്രശ്നങ്ങളും കോടതി വിധിയും ജനങ്ങളോട് വിശദീകരിക്കാനാണ് പാർട്ടിയുടെ തീരുമാനം.