06/03/2026
[fontresizer_tawhidurrahmandear_widget]

ജീവഹാനി വരാവുന്ന രീതിയിൽ വാഹനം ഓടിച്ചു; മണിയൻപിള്ള രാജുവിനെതിരെ എഫ്‌ഐആർ

 ജീവഹാനി വരാവുന്ന രീതിയിൽ വാഹനം ഓടിച്ചു; മണിയൻപിള്ള രാജുവിനെതിരെ എഫ്‌ഐആർ

തിരുവനന്തപുരം: നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റ സംഭവത്തിൽ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്. മൂന്ന് ഗുരുതര കുറ്റങ്ങളാണ് താരത്തിനെതിരെ മ്യൂസിയം പോലീസ് ചുമത്തിയിരിക്കുന്നത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ജീവഹാനിക്ക് കാരണമാകുക, അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോകുക, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാതിരിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലായിരുന്നു അപകടം. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു മണിയൻപിള്ള രാജു. ഇദ്ദേഹത്തിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണയ്ക്കും സൂരജിനും ഗുരുതരമായി പരുക്കേറ്റു. നിവേദിതിന്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനുമാണ് ഒടിവുള്ളത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം നടക്കുമ്പോൾ കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് മണിയൻപിള്ള രാജു ഇന്ന് രാവിലെ മ്യൂസിയം സ്‌റ്റേഷനിലെത്തി മൊഴി നൽകി. അപകടത്തിന് ശേഷം പരിഭ്രാന്തി കാരണമാണ് വാഹനം നിർത്താതിരുന്നതെന്നും മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ താൻ വിളിച്ച് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.

താൻ കാൻസർ രോഗിയാണെന്നും രാത്രിയിൽ സ്‌റ്റേഷനിലെത്താൻ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നുമാണ് നടന്റെ വിശദീകരണം. അപകടത്തിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സുധീർകുമാർ രാജു എന്ന പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Also read: