ആണവോർജ്ജ മേഖലയിലേക്ക് അദാനി ഗ്രൂപ്പും; ‘ശാന്തി’ നിയമത്തിന് പിന്നാലെ പുതിയ കമ്പനി രൂപീകരിച്ചു
മുംബൈ: രാജ്യം ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുനൽകിയതിന് പിന്നാലെ നിർണ്ണായക നീക്കവുമായി അദാനി ഗ്രൂപ്പ്. ആണവോർജ്ജ ഉൽപ്പാദനത്തിനും വിതരണത്തിനുമായി ‘അദാനി ആറ്റോമിക് എനർജി ലിമിറ്റഡ്’ എന്ന പുതിയ ഉപസ്ഥാപനം രൂപീകരിച്ചതായി അദാനി പവർ ലിമിറ്റഡ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ (NSE) അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ കേന്ദ്രസർക്കാർ പാസാക്കിയ ‘ശാന്തി’ (SHANTI) നിയമത്തിന് ശേഷം ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയാണ് അദാനി.
2047-ഓടെ രാജ്യത്തെ ആണവോർജ്ജ ശേഷി 9 ജിഗാവാട്ടിൽ നിന്ന് 100 ജിഗാവാട്ടായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ചെറിയ മോഡുലാർ റിയാക്ടറുകൾ (SMR) നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയിരുന്നു. ടാറ്റ, ജെ.എസ്.ഡബ്ല്യു എന്നീ ഗ്രൂപ്പുകളും ഈ മേഖലയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, അദാനി ഗ്രൂപ്പിന്റെ നീക്കം രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചു. അദാനിക്ക് വേണ്ടിയാണ് നിയമങ്ങളിൽ മാറ്റം വരുത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, യുറേനിയം ഖനനം, തന്ത്രപരമായ വസ്തുക്കളുടെ നിയന്ത്രണം എന്നിവ സർക്കാരിൽ തന്നെ നിക്ഷിപ്തമായിരിക്കുമെന്നും 49 ശതമാനം വരെ വിദേശ നിക്ഷേപം ഈ മേഖലയിൽ അനുവദിക്കുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു. ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള ഇന്ത്യയുടെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.