‘ബ്ലാക്ക് ബോക്സ് അത്ര വേഗം നശിക്കില്ല’; അജിത് പവാറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മകൻ
മുംബൈ: ബാരാമതി വിമാനാപകടത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് ജയ് പവാർ. തന്റെ പിതാവും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഒരു വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അത്ര എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയില്ലെന്നും സുതാര്യമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകൾ വ്യക്തമാകൂ എന്നും ജയ് പവാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം 28ന് പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അജിത് പവാറും മറ്റ് നാലുപേരും സഞ്ചരിച്ചിരുന്ന ലിയർജെറ്റ് 45XR വിമാനം തകർന്ന് വീണത്. വിമാനം പ്രവർത്തിപ്പിച്ച വ്യോമയാന സ്ഥാപനമായ വിഎസ്ആർ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ നിരോധിക്കണമെന്നും ജയ് പവാർ ആവശ്യപ്പെട്ടു. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അപകടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുനേത്ര പവാർ, പ്രഫുൽ പട്ടേൽ, സുനിൽ തത്കറെ എന്നിവരടങ്ങുന്ന മുതിർന്ന എൻസിപി നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ നേരിൽ കണ്ടിരുന്നു. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായി എംഎൽഎ രോഹിത് പവാറും ആരോപിച്ചു. പൈലറ്റിന്റെ മുൻകാല ട്രാക്ക് റെക്കോർഡിലെ പിഴവുകളും അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്.
നിലവിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ഡിജിസിഎയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽ നിന്നുള്ള വിവരങ്ങൾ വീണ്ടെടുക്കാൻ വിദഗ്ധ സഹായം തേടിയിട്ടുണ്ടെന്ന് എഎഐബി അറിയിച്ചു.