‘ദാദയ്ക്ക് അപകടം പറ്റിയോ?’ മകന്റെ മരണം ടിവിയിൽ കണ്ട് അജിത് പവാറിന്റെ അമ്മ
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിക്കുമ്പോൾ മാതാവ് ആശാ തായ് ഫാം ഹൗസിൽ ടെലിവിഷൻ കാണുകയായിരുന്നു. ബാരാമതി വിമാനത്താവളത്തിന് സമീപം മകൻ സഞ്ചരിച്ച വിമാനം തകർന്നു വീണ വാർത്ത ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ, ‘ദാദയ്ക്ക് അപകടം പറ്റിയോ?’ എന്ന് അവർ പരിഭ്രമത്തോടെ ഫാം ഹൗസ് മാനേജരോട് ചോദിക്കുകയായിരുന്നു
പവാറിന്റെ മരണവാർത്ത മാതാവിനെ അറിയിക്കാതിരിക്കാൻ കുടുംബാംഗങ്ങളും ജീവനക്കാരും പരമാവധി ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫാം ഹൗസിലെ കേബിൾ ടിവി ബന്ധം വിച്ഛേദിക്കുകയും മൊബൈൽ ഫോണുകൾ എയർപ്ലെയിൻ മോഡിലാക്കുകയും ചെയ്തു. മകന് ചെറിയ പരിക്കുകൾ മാത്രമേ പറ്റിയിട്ടുള്ളൂ എന്നാണ് ആശ പവാർ ആദ്യം കരുതിയതെന്ന് ഫാം ഹൗസ് മാനേജർ സമ്പത്ത് ധൈഗുഡെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അപകടം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ അവർ, മകനെ കാണണമെന്ന വാശിയോടെ ഫാം ഹൗസിന് പുറത്തേക്ക് ഇറങ്ങി നടക്കുകയായിരുന്നു. ആരുടെയും വാക്ക് കേൾക്കാതെ വന്നതോടെ ഒടുവിൽ ബാരാമതിയിലെ ബംഗ്ലാവിലേക്ക് അവരെ എത്തിച്ചു.
അപകടം നടക്കുന്നതിന് നാല് ദിവസം മുൻപാണ് അജിത് പവാർ അവസാനമായി അമ്മയെ സന്ദർശിച്ചത്. അന്ന് വൈകുന്നേരം 7.30ഓടെ ഫാം ഹൗസിലെത്തിയ അദ്ദേഹം 15 മിനിറ്റോളം അമ്മയോടൊപ്പം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.
അതേസമയം, വിമാനാപകടത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ അഭ്യർത്ഥിച്ചു. അജിത് പവാറിന്റെ മരണം മഹാരാഷ്ട്രയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും കഠിനാധ്വാനിയായ നേതാവിനെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു. സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന തരത്തിൽ കൊൽക്കത്തയിൽ നിന്നടക്കം ഉയർന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. ഇതൊരു ആകസ്മികമായ അപകടം മാത്രമാണെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.