02/03/2026
[fontresizer_tawhidurrahmandear_widget]

വിശ്വാസം നേടി ചതിച്ചു: ബേക്കറിയിൽനിന്ന് അക്കൗണ്ടന്റും ഭർത്താവും മുക്കിയത് 63 ലക്ഷം; പ്രതികളെ കണ്ടെത്താനാകാതെ പോലീസ്

 വിശ്വാസം നേടി ചതിച്ചു: ബേക്കറിയിൽനിന്ന് അക്കൗണ്ടന്റും ഭർത്താവും മുക്കിയത് 63 ലക്ഷം; പ്രതികളെ കണ്ടെത്താനാകാതെ പോലീസ്

മണ്ണഞ്ചേരി: ആലപ്പുഴയിലെ പ്രമുഖ ബേക്കറി സ്ഥാപനമായ ഹിമാലയ ഗ്രൂപ്പിന്റെ കലവൂരിലെ ബേക്ക് ആൻഡ് മോർ ശാഖയിൽ നിന്ന് 63.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അക്കൗണ്ടന്റും ഭർത്താവും ഒളിവിൽ. സ്ഥാപനത്തിലെ അക്കൗണ്ടന്റ് മണ്ണഞ്ചേരി സ്വദേശിനി ചിന്നു (36), ഭർത്താവ് പ്രജീഷ് (44) എന്നിവർക്കായാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. കേസിലെ മറ്റ് പ്രതികളായ അക്കൗണ്ടന്റ് ഓഫീസ് ജീവനക്കാരൻ കണ്ണൻ (29), ഡ്രൈവർ ആൽബിൻ ആന്റണി (36) എന്നിവരെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. 2018 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ചിന്നു, മാനേജ്‌മെന്റിന്റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് വൻ തുകകളുടെ ക്രമക്കേട് നടത്തിയത്.

ആദ്യഘട്ടത്തിൽ ചെറിയ തുകകൾ മാറ്റിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഇത് പിടിക്കപ്പെടില്ലെന്ന് ഉറപ്പായതോടെ 2024-25 സാമ്പത്തിക വർഷത്തിൽ വലിയ തോതിൽ പണം തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിൽ പുതുതായി നിയമിതരായ രണ്ട് അക്കൗണ്ടന്റുമാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. ചിന്നുവിന്റെയും ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് വിവിധ ഘട്ടങ്ങളിലായി പണം കൈമാറിയതായാണ് കണ്ടെത്തൽ. ഒളിവിൽ പോയ പ്രതികൾ ഫോൺ ഉപയോഗിക്കാതെ ഇൻസ്റ്റാഗ്രാം വഴിയാണ് വീട്ടുകാരുമായി ബന്ധപ്പെടുന്നത്. ഇതിന്റെ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ശേഖരിച്ചുവരികയാണ്. പ്രതികളെ പിടികൂടിയാൽ മാത്രമേ തട്ടിയെടുത്ത പണം എന്തിനായി വിനിയോഗിച്ചു എന്നതിൽ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.

Also read: