ആലിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് ജീവിതമേകും; സങ്കീർണ്ണ ശസ്ത്രക്രിയകൾ പുരോഗമിക്കുന്നു, സംസ്‌കാരം നാളെ
തിരുവനന്തപുരം: വിധി കവർന്നെടുത്ത കുഞ്ഞു ആലിൻ ഷെറിൻ എബ്രഹാം മടങ്ങുന്നത് നാലു കുഞ്ഞുങ്ങൾക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നുനൽകി. പത്തുമാസം മാത്രം പ്രായമുള്ള ആലിന്റെ അവയവങ്ങൾ മാറ്റിവെക്കാനുള്ള അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ പുരോഗമിക്കുന്നു.
മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകനായ ആലിൻ ഷെറിൻ, ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ, തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു.
കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി 7.13ന് പുറപ്പെട്ട ആംബുലൻസ് എം.സി. റോഡ് വഴി വെറും മൂന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്തി. കിംസ് ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് കരൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയ തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പത്തു വയസ്സുള്ള കുട്ടിക്ക് വൃക്കകൾ ദാനം ചെയ്തു. ഹൃദയവാൽവ് ശ്രീചിത്ര ആശുപത്രിയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആലിന്റെ മൃതദേഹം മല്ലപ്പള്ളിയിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടക്കും. ആലിൻ എന്ന പേര് അന്വർത്ഥമാക്കും വിധം, മരണത്തിലും മറ്റുള്ളവർക്ക് തണലായി മാറിയ ഈ കുഞ്ഞ് നാടിനാകെ കണ്ണീരോർമ്മയാവുകയാണ്.