‘മൗലികാവകാശത്തിനുമേലുള്ള കടന്നുകയറ്റം’; സ്വകാര്യ വസതിയിലെ നമസ്കാരം തടഞ്ഞ കലക്ടർക്കും എസ്പിക്കും അലഹബാദ് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
ലഖ്നൗ: സ്വകാര്യ വസതിയിൽ നമസ്കാരം നിർവഹിക്കുന്നത് തടഞ്ഞ സംഭവത്തിൽ ഇടപെട്ട് കോടതി. ഉത്തർപ്രദേശിലെ ബറേലി ജില്ലാ മജിസ്ട്രേറ്റിനും സീനിയർ സൂപ്രണ്ട് ഓഫ് പോലീസിനും അലഹബാദ് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വ്യക്തികളുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി നടപടി.
ജസ്റ്റിസ് മനോജ് കുമാർ ഗുപ്ത, ജസ്റ്റിസ് ക്ഷിതിജ് ശൈലേന്ദ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ബറേലി ഡി.എം രവീന്ദ്ര കുമാർ, എസ്.എസ്.പി അനുരാഗ് ആര്യ എന്നിവർക്കെതിരെ നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ബറേലിയിലെ മുഹമ്മദ്ഗഞ്ച് ഗ്രാമത്തിൽ ഒരു സ്വകാര്യ വസതിയിൽ നടന്ന നമസ്കാരം തടഞ്ഞതാണ് കേസിനാസ്പദമായ സംഭവം. ജനുവരി 16-ന് വീടിനുള്ളിൽ ഒത്തുകൂടി നമസ്കരിച്ചതിന് 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനുമതിയില്ലാതെ നമസ്കരിച്ചെന്ന് ആരോപിച്ചായിരുന്നു പോലീസ് നടപടി. ഇതിനെതിരെ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതി ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചത്.
സ്വകാര്യ വസതികളിൽ മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് അധികാരികളുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് മറ്റൊരു കേസിൽ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഉദ്യോഗസ്ഥർ ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി. പൊതുസ്ഥലങ്ങളിലേക്കോ റോഡുകളിലേക്കോ തടസമുണ്ടാക്കാത്ത രീതിയിൽ സ്വന്തം വീടുകളിൽ പ്രാർത്ഥന നടത്തുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദം നൽകുന്ന അവകാശമാണെന്ന് കോടതി ഓർമിപ്പിച്ചു.
സ്വകാര്യ ചടങ്ങുകളിൽ പോലീസ് ഇടപെടുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. പ്രാർത്ഥന സമാധാനപരമാണെങ്കിൽ അതിൽ ഇടപെടാൻ ഭരണകൂടത്തിന് അധികാരമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ നടപടിയിൽ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് കോടതി സമയം അനുവദിച്ചു. കൂടാതെ, നമസ്കാരം നടന്ന വീടിന്റെ ഉടമസ്ഥനായ ഹരജിക്കാരനെതിരെ മറ്റ് കടുത്ത നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് ചിലർ പ്രതിഷേധമുയർത്തുകയും വീടുകൾ വിൽക്കാനുണ്ടെന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ക്രമസമാധാനത്തിന്റെ പേരിൽ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ് വ്യക്തമാക്കുന്നത്.