‘സ്വകാര്യ സ്ഥലത്ത് പ്രാർത്ഥന നടത്താൻ അനുമതി വേണ്ട’- അലഹബാദ് ഹൈക്കോടതി
ലഖ്‌നൗ: വ്യക്തികളുടെ സ്വകാര്യ സ്ഥലത്ത് മതപരമായ പ്രാർത്ഥനകളോ ചടങ്ങുകളോ നടത്തുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യൻ ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി നിരീക്ഷിച്ചു. മറനാഥ ഫുൾ ഗോസ്പൽ മിനിസ്ട്രീസ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി.
സ്വകാര്യ പരിസരത്ത് പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിന് തടസ്സമില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ തുല്യസംരക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഈ വാദങ്ങൾ കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
എങ്കിലും, പ്രാർത്ഥനകൾ സ്വകാര്യ സ്ഥലത്ത് മാത്രമായി പരിമിതപ്പെടുത്തണമെന്ന് കോടതി ഓർമ്മിപ്പിച്ചു. പൊതുവഴികളോ പൊതുസ്വത്തോ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിൽ പോലീസിനെ അറിയിക്കുകയും നിയമപരമായ അനുമതി വാങ്ങുകയും വേണം. അനുമതിയില്ലാതെ ആളൊഴിഞ്ഞ വീട്ടിൽ നമസ്‌കാരം നടത്തിയെന്നാരോപിച്ച് ബറേലിയിൽ 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് വിധിക്ക് പ്രാധാന്യമേറുന്നത്. ഏത് മതവിഭാഗത്തിൽപ്പെട്ടവർക്കും തങ്ങളുടെ സ്വകാര്യ ഇടങ്ങളിൽ വിശ്വാസപരമായ കാര്യങ്ങൾ ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണ്.