പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചു; യുവാവിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പോലീസ്
ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച യുവാവിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ലജ്നത്ത് വാർഡ് സ്വദേശിയായ അഹമ്മദ് കബീറിന്റെ ഫോണാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്. വിദേശത്തുള്ള ഒരു പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഈ അസാധാരണ നടപടി. എന്നാൽ സംഭവം വലിയ വാർത്തയായതോടെ പോലീസ് അഹമ്മദ് കബീറിന് ഫോൺ തിരികെ നൽകി.
രാത്രികാലങ്ങളിൽ നിരന്തരം വൈദ്യുതി മുടങ്ങുന്നതുമൂലം കുട്ടികൾ അനുഭവിക്കുന്ന കടുത്ത ബുദ്ധിമുട്ട് കണ്ടാണ് താൻ ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തതെന്ന് അഹമ്മദ് കബീർ വ്യക്തമാക്കി. തോടിന് സമീപമുള്ള വീടായതിനാൽ കടുത്ത കൊതുക് ശല്യവും ഇവിടെയുണ്ട്. രാത്രി പത്തരയ്ക്കും പിന്നീട് പുലർച്ചെ രണ്ടരയ്ക്കും കറന്റ് പോയതോടെ തന്റെ മൂന്ന് ചെറിയ മക്കളെയും ഒരു പോർട്ടബിൾ ഫാനിന്റെ ചുവട്ടിലിരുത്തി ഉറക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ കറന്റ് പോകുന്നുണ്ടെന്നും ഈ ദുരിതം ഒഴിവാക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.
താനൊരു സാധാരണക്കാരനാണെന്നും, വീഡിയോയിൽ ‘പൂക്കി’ എന്നൊരു വാക്ക് ഉപയോഗിച്ചതിനാലാകാം തനിക്കെതിരെ പരാതി നൽകിയതെന്നുമാണ് അദ്ദേഹം സംശയിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് യാതൊരു കാരണവും വ്യക്തമാക്കാതെ പൊലീസ് ഫോൺ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പിറ്റേന്ന് രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് പവർകട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിമർശിച്ചതിനാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കിയത്. എന്നാൽ ഫോൺ പ്രാഥമികമായി പരിശോധിച്ച പോലീസ്, ഇതിൽ അശ്ലീലമായോ ദുരുദ്ദേശപരമായോ യാതൊരു വിവരങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. അതിനാൽ സംഭവത്തിൽ കേസെടുക്കാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ വിശദീകരണം. പി.ഡി.പി പ്രവർത്തകൻ കൂടിയായ അഹമ്മദ് കബീറിന് പിന്തുണയുമായി പി.ഡി.പി നേതാക്കളും വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.