ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതി; പ്രവൃത്തി ദ്രുതഗതിയിൽ
തിരുവമ്പാടി: വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി (സ്റ്റേജ് 2 ക്ലിയറൻസ്) ലഭിച്ചു. 1980ലെ വനനിയമപ്രകാരം 17.263 ഹെക്ടർ വനഭൂമി പദ്ധതിക്കായി ഉപയോഗിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. ഇതോടെ വടക്കൻ കേരളത്തിന്റെ യാത്രാസൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം വരുത്തുന്ന പദ്ധതിയുടെ നിർമാണത്തിനുള്ള എല്ലാ നിയമതടസ്സങ്ങളും നീങ്ങി.
പാറതുരക്കൽ മാർച്ച് മൂന്നിന്
തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നിലവിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഏറ്റവും പ്രധാന ഘട്ടമായ പാറതുരക്കൽ മാർച്ച് മൂന്നിന് ആരംഭിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പാറതുരക്കൽ പ്രവൃത്തിയുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കും. കോഴിക്കോട് ജില്ലയിലെ മറിപ്പുഴ-കുണ്ടൻതോട് ഭാഗത്തുനിന്നാണ് ആദ്യം പാറതുരക്കൽ തുടങ്ങുക. ഒരാഴ്ചയ്ക്കകം വയനാട്ടിലെ മേപ്പാടി ഭാഗത്തുനിന്നും പ്രവൃത്തി ആരംഭിക്കും. ഓസ്ട്രേലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം. 2134.5 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്.
പദ്ധതിയുടെ പ്രത്യേകതകൾ
8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത ഇന്ത്യയിലെ രണ്ടാമത്തെ നീളമേറിയ ട്വിൻ ട്യൂബ് ടണലാണ്. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (SPV) ആണ് നിർവഹണ ഏജൻസി. ആധുനിക വെന്റിലേഷൻ, അഗ്നിശമന സംവിധാനങ്ങൾ, സിസിടിവി, ട്രാഫിക് ലൈറ്റ്, എമർജൻസി കോൾ സംവിധാനം എന്നിവ തുരങ്കത്തിനുള്ളിൽ ഒരുക്കും. 300 മീറ്റർ ഇടവിട്ട് ഇരു തുരങ്കങ്ങളെയും ബന്ധിപ്പിക്കുന്ന ക്രോസ് പാസേജുകളും ഉണ്ടാകും.
കർശന നിബന്ധനകൾ
24 നിർദേശങ്ങളടങ്ങിയ കർശന ഉപാധികളോടെയാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. പദ്ധതിക്കായി വിട്ടുനൽകുന്ന വനഭൂമിക്ക് പകരമായി വയനാട്ടിലെ ചുള്ളിക്കാട്, മാടപ്പറമ്പ്, മണൽവയൽ തുടങ്ങിയ വില്ലേജുകളിൽ 17.263 ഹെക്ടർ ഭൂമിയിൽ വനവത്കരണം നടത്തണം. വനത്തിനുള്ളിൽ ലേബർ ക്യാമ്പുകളോ പുതിയ പാതകളോ നിർമിക്കാൻ പാടില്ല. മരംമുറിക്കൽ പരിമിതപ്പെടുത്തണമെന്നും വന്യജീവിസംരക്ഷണ നടപടികൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വികസന കുതിപ്പ്
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന പാത യാഥാർത്ഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്ന് വെറും 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താം. ടൂറിസം, കാർഷിക മേഖലകളിൽ വലിയ കുതിപ്പിന് ഇത് വഴിയൊരുക്കും. ചുരം റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നതിനൊപ്പം കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.