കാലിൽ വെടിയേറ്റിട്ടും തളർന്നില്ല; കിഷ്ത്വാറിൽ ഭീകരരെ വധിക്കാൻ സേനയെ സഹായിച്ചത് ‘ടൈസൺ’
ശ്രീനഗർ: കിഷ്ത്വാറിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച സൈനിക നീക്കത്തിൽ വഴിയൊരുക്കിയത് ആർമി നായ ‘ടൈസന്റെ’ ധീരത. കാലിൽ വെടിയേറ്റിട്ടും പോരാട്ടവീര്യം കൈവിടാതെ ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സൈന്യത്തെ സഹായിച്ച ടൈസൺ ഇപ്പോൾ ചികിത്സയിലാണ്.
ജമ്മു കശ്മീരിലെ ചത്രൂ മേഖലയിലെ ദുർഘടമായ വനപ്രദേശത്തായിരുന്നു സൈന്യത്തിന്റെ ‘ഓപറേഷൻ ട്രാഷി1’ നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ രണ്ട് പാരാ (സ്‌പെഷ്യൽ ഫോഴ്‌സ്) വിഭാഗത്തിലെ എലൈറ്റ് ജർമ്മൻ ഷെപ്പേർഡ് നായയായ ടൈസൺ, ഭീകരർ ഒളിച്ചിരുന്ന ഗുഹയിലേക്ക് ഇഴഞ്ഞുകയറുകയും അവരെ വെടിയുതിർക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. ഈ പ്രക്രിയയ്ക്കിടെ ടൈസന്റെ കാലിന് വെടിയേറ്റെങ്കിലും പിന്മാറാൻ അത് തയ്യാറായില്ല. ടൈസന്റെ നീക്കത്തിലൂടെ ഭീകരരുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കാൻ സാധിച്ച സൈന്യം ഉടനടി തിരിച്ചടി നൽകി മൂന്ന് ഭീകരരെയും വധിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ കഴിഞ്ഞ രണ്ട് വർഷമായി സുരക്ഷാ സേനയെ വെട്ടിച്ച് നടന്നിരുന്ന കുപ്രസിദ്ധ ഭീകരൻ സൈഫുള്ളയും ഉൾപ്പെടുന്നു. ഇവർ താമസിച്ചിരുന്ന ഒളിത്താവളത്തിൽ നിന്ന് രണ്ട് എകെ47 റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ ടൈസണെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്തു. നിലവിൽ ടൈസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാന പോലീസ്, സിആർപിഎഫ്, പ്രത്യേക സേന എന്നിവർ സംയുക്തമായാണ് ഓപറേഷൻ നടത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ സമാനമായ രീതിയിൽ സൈനികരെ രക്ഷിക്കുന്നതിനിടെ ‘ഫാന്റം’ എന്ന ബെൽജിയൻ മാലിനോയിസ് നായ വീരമൃത്യു വരിച്ചിരുന്നു. ആർമി നായ്ക്കളുടെ അചഞ്ചലമായ ധൈര്യവും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ അവർ വഹിക്കുന്ന പങ്കും ഒരിക്കൽ കൂടി അടിവരയിടുന്നതായിരുന്നു ടൈസന്റെ പ്രകടനം.