‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു; ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ് കണ്ടത്’
മലപ്പുറം: ‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു. ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ് കണ്ടത്.’ ആതവനാട് നിയന്ത്രണംവിട്ട മിനിലോറി 65 അടി താഴ്ചയുള്ള ക്വാറിയിലേക്ക് മറിഞ്ഞ അപകടത്തിന്റെ നടുക്കുന്ന ദൃശ്യം ആദ്യം കണ്ട വീട്ടമ്മയുടെ വാക്കുകളാണിവ. ഉടനെ നീന്തിയെത്തിയ ആളോട് അവിടെ നിൽക്കാൻ ആവശ്യപ്പെട്ട ഇവർ, സമീപത്തെ ഓഡിറ്റോറിയത്തിലുണ്ടായിരുന്നവരെ വിവരമറിയിക്കുകയായിരുന്നു.
ഈ ദാരുണമായ അപകടത്തിൽ ചട്ടിപ്പറമ്പിലെ കറി പൗഡർ കമ്പനി സെയിൽസ്മാനായ മേൽമുറി പൈത്തിനിപ്പറമ്പ് സ്വദേശി മുസ്തഫ കുന്നത്തൊടി (43) ആണ് മരിച്ചത്. ഏഴ് മണിക്കൂർ നീണ്ട അതിദുഷ്‌കരമായ പരിശ്രമത്തിനൊടുവിലാണ് വെള്ളത്തിൽ മുങ്ങിയ ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. നാല് തവണ പരാജയപ്പെട്ട ദൗത്യം അഞ്ചാം ശ്രമത്തിലാണ് വിജയിച്ചത്. പരിക്കേറ്റ ഡ്രൈവർ ജാഫർ (40) നിലവിൽ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വൈരങ്കോട് ക്ഷേത്രോത്സവത്തിന് പൊയ്ക്കാളകളെ ഒരുക്കാൻ എത്തിയവരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് കുതിച്ചെത്തിയത്. കയറുകളുമായി താഴത്തെ വഴിയിലൂടെ ക്വാറിയിലേക്ക് ഇറങ്ങിയ ഇവർ, വെള്ളത്തിൽ നിന്ന് രക്ഷപ്പെട്ട ജാഫറിനെ സുരക്ഷിതമായി റോഡിലെത്തിച്ചു. തുടർന്ന് ഉത്സവ ലഹരിയിലായിരുന്ന പ്രദേശം നിമിഷനേരം കൊണ്ട് നിശബ്ദമായി. ആഘോഷങ്ങൾ താൽക്കാലികമായി നിർത്തിവെച്ചാണ് നാട് മുഴുവൻ രക്ഷാപ്രവർത്തനത്തിനായി കൈകോർത്തത്.
റോഡരികിൽ സുരക്ഷാമതിൽ പോലുമില്ലാത്ത ക്വാറികൾ വലിയ ഭീഷണിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ‘ഇവിടെ ഒരു ക്വാറി ഉള്ള കാര്യം പോലും പല ഡ്രൈവർമാർക്കും അറിയില്ല. അപകട സൂചന നൽകുന്ന ബോർഡോ മതിൽക്കെട്ടോ ഒന്നുമില്ല. മുമ്പും ഇവിടെ വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്,’ പ്രദേശവാസികൾ പറഞ്ഞു. ചക്രം പൊട്ടിയതാകാം മിനിലോറി നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.