കാസർകോട്ട് 82.16 ഹെക്‌ടർ വനമേഖലയിൽ 4.88 ദശലക്ഷം ടൺ ബോക്സൈറ്റ്; ഖനനം ചെയ്യാൻ ലേലനടപടികളിലേക്ക്
കാസർകോട്: ജില്ലയിലെ വനമേഖലകളിൽ വൻതോതിൽ ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയ സാഹചര്യത്തിൽ, വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്തുന്നതിനുള്ള ലേല നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. കാറഡുക്ക വനമേഖലയിലെ നാർളം ബ്ലോക്കിലാണ് ആദ്യഘട്ട ഖനനം ആരംഭിക്കുന്നത്. 82.16 ഹെക്‌ടർ വിസ്‌തീർണമുള്ള ഈ മേഖലയിൽ 4.88 ദശലക്ഷം ടൺ ബോക്സൈറ്റ് നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ.
സിമന്റ് ഗ്രേഡ് ബോക്സൈറ്റും അലുമിനസ് ലാറ്ററൈറ്റും അടങ്ങുന്ന ധാതുശേഖരത്തിന് ഏകദേശം 365 കോടി രൂപയാണ് വിപണി മൂല്യം കണക്കാക്കുന്നത്. കേന്ദ്ര ഉരുക്ക് മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി സംസ്ഥാന സർക്കാരാണ് ലേല നടപടികൾ നിയന്ത്രിക്കുക. ഖനനത്തിലൂടെ ലഭിക്കുന്ന വരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടും.
രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ടാറ്റയും അദാനിയും ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ലേലത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. വനമേഖലയിലെ ഖനനം പരിസ്ഥിതിയെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, വരുമാന വർധനവും വ്യവസായ സാധ്യതകളും മുൻനിർത്തി ലേല നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം.