02/03/2026
[fontresizer_tawhidurrahmandear_widget]

30% ശമ്പള വർധന, ആഡംബര കാറുകൾ! ജീവനക്കാരെ ഞെട്ടിച്ച് യുഎഇയിലെ മലയാളി കമ്പനി

 30% ശമ്പള വർധന, ആഡംബര കാറുകൾ! ജീവനക്കാരെ ഞെട്ടിച്ച് യുഎഇയിലെ മലയാളി കമ്പനി

ദുബൈ: നഗരത്തിലെ ആഡംബരത്തിന്റെ പ്രതീകമായ പാം ജുമൈറയിലെ ‘അറ്റ്ലാന്റിസ് ദ റോയൽ’ ഹോട്ടലിൽ അന്ന് ഒത്തുകൂടിയ ജീവനക്കാർ കരുതിയിരുന്നില്ല തങ്ങളെ കാത്തിരിക്കുന്നത് ജീവിതം തന്നെ മാറ്റിമറിക്കുന്ന വലിയൊരു പ്രഖ്യാപനമാണെന്ന്. ഒരു സാധാരണ കോർപറേറ്റ് മീറ്റിങ്ങിനപ്പുറം, അത് ആഘോഷത്തിന്റേയും അംഗീകാരത്തിന്റേയും വിസ്മയ നിമിഷങ്ങളായി മാറി. മലയാളി സംരംഭകനായ അംജദ് സിതാരയുടെ നേതൃത്വത്തിലുള്ള ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ തങ്ങളുടെ ജീവനക്കാർക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കേട്ട് ബിസിനസ് ലോകം അമ്പരന്നിരിക്കുകയാണ്. ശമ്പളവർധനയും ബോണസും പതിവാണെങ്കിലും, ഒരു കമ്പനി തങ്ങളുടെ എല്ലാ മാനേജർമാർക്കും ലക്ഷ്വറി എസ്യുവി കാറുകൾ സമ്മാനമായി നൽകുകന്നത് പ്രവാസ ലോകത്തെ അപൂർവ കാഴ്ചയാണ്.

തങ്ങളുടെ വളർച്ചയുടെ വേഗതയ്‌ക്കൊപ്പം ജീവനക്കാരുടെ ജീവിതനിലവാരവും ഉയർത്തുകയാണു പുതിയ പ്രഖ്യാപനത്തിലൂടെ, ദുബൈ ആസ്ഥാനമായ പ്രമുഖ മലയാളി കമ്പനി ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ ലക്ഷ്യമിടുന്നത്. ‘അറ്റ്ലാന്റിസ് ദ റോയൽ’ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജീവനക്കാർക്കായി വമ്പൻ ആനുകൂല്യങ്ങളാണ് കമ്പനി ചെയർമാൻ അംജദ് സിതാര പ്രഖ്യാപിച്ചത്. സാധാരണ ബോണസുകൾക്കും ഇൻക്രിമെന്റുകൾക്കുമപ്പുറം, പ്രവാസ ലോകത്തെ അത്ഭുതപ്പെടുത്തുന്ന വമ്പൻ സമ്മാനങ്ങളാണ് കമ്പനി തന്റെ ജീവനക്കാർക്കായി കരുതിവെച്ചിരുന്നത്.

ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും 30 ശതമാനം ശമ്പളവർധനയാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതിനുപുറമെ, കമ്പനിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന എല്ലാ മാനേജർമാർക്കും പുത്തൻ പ്രീമിയം എസ്യുവി കാറുകൾ സമ്മാനമായി നൽകാനും തീരുമാനമായി. മാസവേതനത്തിന് പുറമെ ജീവനക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനാണ് ഇത്തരം റിവാർഡ് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതെന്ന് അംജദ് സിതാര വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വർഷം 130 ശതമാനം വാർഷിക വളർച്ചയാണ് കമ്പനി കൈവരിച്ചത്. യുഎഇയിൽ മാത്രം നിർമാണം, റിയൽ എസ്റ്റേറ്റ്, മാൻപവർ തുടങ്ങിയ മേഖലകളിലായി 20,000-ത്തിലധികം പ്രൊഫഷണലുകൾ ബിസിസി ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്നുണ്ട്. അടുത്തിടെ അജദ് റിയൽ എസ്റ്റേറ്റിന്റെ 51% ഓഹരികൾ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് 100% കമ്മീഷൻ നൽകുന്ന വിപ്ലവകരമായ ബിസിനസ് മാതൃകയും കമ്പനി അവതരിപ്പിച്ചു. യുഎഇക്ക് പുറമെ ഖത്തർ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലും ബിസിസി ഗ്രൂപ്പ് തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിച്ചിരിക്കുകയാണ്.

ജോലിയും വ്യക്തിജീവിതവും ഒരുപോലെ ആസ്വദിക്കാൻ ജീവനക്കാരെ പ്രാപ്തരാക്കുന്ന ‘എക്സ്‌ക്ലൂസീവ് ലക്ഷ്വറി സംവിധാനങ്ങളും’ പുതിയ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച പ്രകടനത്തെ എക്കാലത്തും അംഗീകരിക്കുമെന്നും വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ പദ്ധതികൾ ജീവനക്കാർക്കായി നടപ്പിലാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

കേരളത്തിൽനിന്ന് ഗൾഫിലെത്തി കഠിനാധ്വാനത്തിലൂടെയാണ് അംജദ് സിതാര വലിയ ബിസിനസ് സാമ്ര്യാജ്യം പടുത്തുയർത്തിയത്.

Also read: