‘ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ചിലവഴിച്ച ഓരോ നിമിഷത്തിലും ഖേദിക്കുന്നു’: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സ്
മെൽബൺ: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. 2026 ജനുവരി അവസാനത്തിൽ പുറത്തുവിട്ട ചില രേഖകളിൽ തനിക്ക് അയച്ചതായി കരുതപ്പെടുന്ന ചില രേഖകൾ ഉൾപ്പെടുന്നു. എന്നാൽ ഈ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ എപ്സ്റ്റീൻ മനപൂർവ്വം ചമച്ചതാണെന്നും ബിൽ ഗേറ്റ്‌സ് വ്യക്തമാക്കി. ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എപ്സ്റ്റീനുമായി ചിലവഴിച്ച ഓരോ നിമിഷവും താൻ ഖേദിക്കുന്നുവെന്നും പരിചയപ്പെട്ടത് ജീവിതത്തിലെ വലിയ തെറ്റായിരുന്നുവെന്നും ബിൽ ഗേറ്റ്‌സ് പറഞ്ഞു. ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹാരത്തിനു വേണ്ടിയാണ് എപ്സ്റ്റീനെ കണ്ടതെന്നും അല്ലാതെ മറ്റൊരു പ്രവർത്തികളിലും തനിക്ക് പങ്കില്ലെന്നും ഗേറ്റ്‌സ് കൂട്ടിച്ചേർത്തു.
ബിൽ ഗേറ്റ്‌സിന് ലൈംഗിക രോഗമുണ്ടായിരുന്നെന്നും റഷ്യൻ യുവതികളുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും എപ്സ്റ്റീൻ അയച്ച ഈമെയിലുകളിൽ ആരോപിക്കുന്നു. അന്ന് ഭാര്യയായ മെലിൻഡയിൽ നിന്ന് ഈ സംഭവം ഒളിപ്പിക്കാൻ ശ്രമിച്ചതായും രേഖയിൽ പ്രതിപാതിക്കുന്നു. അതേസമയം ബിൽ ഗേറ്റ്‌സിന്റെ മുൻഭാര്യ മെലിൽഡ ഫ്രഞ്ച് ഗേറ്റ്‌സും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. പുതിയ വെളിപ്പെടുത്തലുകൾ തന്റെ കുടുംബ ജീവിതത്തിലെ വേദനിപ്പിക്കുന്ന ഓർമ്മകളെ ഉണർത്തുന്നതായി അവർ പറഞ്ഞു. എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ച് മറുപടി പറയേണ്ടത് ബിൽ ഗേറ്റ്‌സാണെന്നും ഒരു പോഡ്കാസ്റ്റിൽ അവർ വ്യക്തമാക്കി. പുറത്തു വന്ന രേഖകളിൽ മറ്റ് പല പ്രമുഖരുടെയും പേരുകൾ ഉണ്ടെങ്കിലും ഗേറ്റ്‌സിനെതിരെയുള്ള തെളിവുകളൊന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.