02/03/2026
[fontresizer_tawhidurrahmandear_widget]

നരവനെയുടെ പുസ്തകത്തെച്ചൊല്ലി ലോക്‌സഭയിൽ പോര്; ഹൈബിയും ഡീനും ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ

 നരവനെയുടെ പുസ്തകത്തെച്ചൊല്ലി ലോക്‌സഭയിൽ പോര്; ഹൈബിയും ഡീനും ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി: മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ വിവാദമായ പുസ്തകത്തെച്ചൊല്ലി ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ സഭയിൽ ഉദ്ധരിച്ചതിനെത്തുടർന്നുണ്ടായ ബഹളത്തിനൊടുവിൽ കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരടക്കം എട്ട് കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്തു. അമരീന്ദർ സിങ് രാജാ വാറിങ്, മാണിക്ക്യം ടാഗോർ, ഗുർജീത് സിങ് ഔജ്‌ല തുടങ്ങിയവരാണ് സസ്‌പെൻഷനിലായ മറ്റ് അംഗങ്ങൾ.

2020ലെ ഇന്ത്യ-ചൈന സംഘർഷ വേളയിൽ രാഷ്ട്രീയ നേതൃത്വം അനിശ്ചിതത്വം കാണിച്ചുവെന്ന നരവനെയുടെ വെളിപ്പെടുത്തലാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. ചൈനീസ് അതിർത്തിയിലെ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നതിനെ സ്പീക്കർ ഓം ബിർളയും കേന്ദ്രമന്ത്രിമാരും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞു. കൃത്യമായ നോട്ടീസില്ലാതെ ഇത്തരം രേഖകൾ ഉദ്ധരിക്കാനാവില്ലെന്ന സ്പീക്കറുടെ റൂളിംഗിനെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തതോടെ സഭയിൽ അസാധാരണമായ സ്തംഭനാവസ്ഥയുണ്ടായി. ഇതിനിടെ ചെയറിനെ ‘യാർ’ എന്ന് അഭിസംബോധന ചെയ്തതിനെ ചൊല്ലിയും തർക്കങ്ങളുണ്ടായി.

സസ്‌പെൻഷൻ നടപടിയെ ജനാധിപത്യ വിരുദ്ധമെന്ന് വിശേഷിപ്പിച്ച ഹൈബി ഈഡൻ, അതിർത്തിയിലെ വീഴ്ചകൾ ചർച്ച ചെയ്യാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. സസ്‌പെൻഷനിലായ എംപിമാർ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. നടപടിയെത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Also read: