ദീപക് കുമാറിന് ഇഫ്താർ വിരുന്നൊരുക്കി കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപ്ഗഢി
ന്യൂഡൽഹി: കോൺഗ്രസ് രാജ്യസഭാ എം.പി ഇമ്രാൻ പ്രതാപ്ഗഢി ഡൽഹിയിലെ വസതിയിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ദീപക് കുമാർ. ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ വർഗീയതയ്ക്കെതിരെ ധീരമായ നിലപാട് സ്വീകരിച്ച് ശ്രദ്ധേയനായ ദീപക് ഇഫ്താർ വിരുന്നിലെ മുഖ്യാതിഥിയായി പങ്കെടുത്തു. റമദാൻ മാസത്തിലെ ഈ ഒത്തുചേരൽ ഐക്യദാർഢ്യ പ്രഖ്യാപനം കൂടിയായി.
നേരത്തെ രാഹുൽ ഗാന്ധിയി ദീപക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം അദ്ദേഹത്തെ ഇമ്രാൻ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വസതിയിലെത്തിയ യുവാവിനെ എം.പി ഷാളണിയിച്ച് സ്വീകരിച്ചു. തുടർന്ന് വൈകീട്ടോടെ നടന്ന ഇഫ്താർ വിരുന്നിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്.
പുറത്തുവന്ന വീഡിയോയിൽ ഇമ്രാൻ പ്രതാപ്ഗഢിക്കും മറ്റുള്ളവർക്കുമൊപ്പം ദീപക് നോമ്പ് തുറയിൽ സംബന്ധിക്കുന്ന ദൃശ്യങ്ങൾ കാണാം. ‘ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽനിന്നുള്ള ‘മൊഹബ്ബത്ത് കാ ദീപക്’ (സ്‌നേഹത്തിന്റെ ദീപം). രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദീപക് വീട്ടിലെത്തി. അദ്ദേഹത്തിന്റെ ധൈര്യത്തെ ഞങ്ങൾ ആദരിച്ചു. ദീപക്കിനെപ്പോലുള്ള യുവാക്കളാണ് ഇന്ത്യയുടെ ഭാവി’ – ഇമ്രാൻ പ്രതാപ്ഗഢി സോഷ്യൽ മീഡിയയിൽ കുറിച്ചു. വിദ്വേഷത്തിനെതിരായ ദീപക്കിന്റെ പോരാട്ടത്തിന് അദ്ദേഹം അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
‘ഈ സ്‌നേഹത്തിന്റെ മണ്ണാണ് ഹിന്ദുസ്ഥാൻ. സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന മുഹമ്മദ് ദീപക് ഇന്ന് നമ്മുടെ വീട്ടിലുണ്ട്. ഒപ്പം ഇഫ്താറിലും പങ്കുചേരുന്നു! ഇതാണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം’ – വീഡിയോ പങ്കുവെച്ചുകൊണ്ട് ഇമ്രാന്റെ സഹോദരൻ സൽമാൻ കുറിച്ചു.
ഉത്തരാഖണ്ഡിൽ ബജ്റങ്ദൾ പ്രവർത്തകർക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ഒരു മുസ്ലിം വയോധികനെ സംരക്ഷിച്ചതോടെയാണ് ദീപക് കുമാർ വാർത്തകളിൽ ഇടംനേടിയത്. രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇത്തരം കൂടിക്കാഴ്ചകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘ഇതാണ് ഇന്ത്യയുടെ ഭംഗി’ എന്നാണ് പലരും ഇഫ്താർ സംഗമത്തെ വിശേഷിപ്പിച്ചത്. വിവിധ ദേശീയ മാധ്യമങ്ങളും ഈ സ്നേഹവിരുന്നിന്റെ വാർത്ത പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്.