02/03/2026
[fontresizer_tawhidurrahmandear_widget]

സിപിഎം ഇടപെട്ടു; മർദനമേറ്റ പോലീസുകാരനെതിരായ ജാമ്യമില്ലാ വകുപ്പ് പിൻവലിക്കില്ല

 സിപിഎം ഇടപെട്ടു; മർദനമേറ്റ പോലീസുകാരനെതിരായ ജാമ്യമില്ലാ വകുപ്പ് പിൻവലിക്കില്ല

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകരുടെ മർദനമേറ്റ സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരായ കേസിൽ പോലീസ് നിലപാട് മാറ്റി. ഉദ്യോഗസ്ഥനെതിരായ ജാമ്യമില്ലാ വകുപ്പ് പിൻവലിക്കാനുള്ള നീക്കത്തിൽ നിന്ന്, സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് പോലീസ് പിന്മാറിയത്. വകുപ്പ് പിൻവലിച്ചാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചതോടെയാണ് പോലീസിന്റെ ഈ മാറ്റം.

നേരത്തെ പോലീസിനുള്ളിൽ തന്നെയുണ്ടായ പ്രതിഷേധത്തെത്തുടർന്നാണ് മിഥുനെതിരായ നടപടികൾ പുനഃപരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നത്. എന്നാൽ, മിഥുൻ റോയി ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്നും ഇത്തരം ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നത് ശരിയല്ലെന്നുമാണ് പാർട്ടി നിലപാട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രവർത്തകരെ മർദിച്ച പോലീസുകാരന് അനുകൂലമായ നടപടി ഉണ്ടാകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.

പേട്ടയിൽ വാഹനപരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐ നേതാവിനെ പിടികൂടിയതുമായി ബന്ധപ്പെട്ട തർക്കമാണ് മിഥുനും പ്രവർത്തകരും തമ്മിലുള്ള വൈരാഗ്യത്തിന് ആധാരം. നിലവിലെ സാഹചര്യത്തിൽ വിവാദങ്ങൾ ഒഴിവാക്കാൻ ഉന്നത ഉദ്യോഗസ്ഥർ തീരുമാനിച്ചതോടെ, നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസുകളിൽ തുടർനടപടികൾ ഉണ്ടാകാൻ സാധ്യതയില്ല. നിലവിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ പരാതിയിൽ മിഥുനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മിഥുന്റെ പരാതിയിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

Also read: