06/03/2026
[fontresizer_tawhidurrahmandear_widget]

അബദ്ധത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞ 12 ലക്ഷം രൂപയുടെ സ്വർണം; ഉടമയെ തേടിപ്പിടിച്ച് ദുബൈ പോലീസ്

 അബദ്ധത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞ 12 ലക്ഷം രൂപയുടെ സ്വർണം; ഉടമയെ തേടിപ്പിടിച്ച് ദുബൈ പോലീസ്

ദുബൈ: അബദ്ധത്തിൽ മാലിന്യത്തോടൊപ്പം വലിച്ചെറിഞ്ഞ 12 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണം ദുബൈ പോലീസിന്റെ ഇടപെടലിലൂടെ ഇന്ത്യൻ കുടുംബത്തിന് തിരികെ ലഭിച്ചു. ദുബൈയിൽ സന്ദർശനത്തിനെത്തിയ മുൻ പ്രവാസി കാമിനി കണ്ണനും കുടുംബത്തിനുമാണ് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണം അത്ഭുതകരമായി തിരികെ കിട്ടിയത്.

23 വർഷം യുഎഇയിൽ താമസിച്ച ശേഷം 2021ൽ ഇന്ത്യയിലേക്ക് മടങ്ങിയ കാമിനി, അടുത്തിടെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് നഗരത്തിലെത്തിയത്. താൻ വർഷങ്ങളായി ശേഖരിച്ച സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന സഞ്ചി കേടുവന്നതിനെ തുടർന്ന് അവർ അത് പുതിയൊരു പൗച്ചിലേക്ക് മാറ്റി ഡൈനിങ് ടേബിളിൽ വെച്ചിരുന്നു. 50 ഗ്രാം സ്വർണ ബാറും നാല് സ്വർണ നാണയങ്ങളുമാണ് പൗച്ചിലുണ്ടായിരുന്നത്. എന്നാൽ വീട് വൃത്തിയാക്കുന്നതിനിടെ പൗച്ച് അബദ്ധത്തിൽ മാലിന്യത്തോടൊപ്പം വലിച്ചെറിയപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം അവസാന വാരത്തിലായിരുന്നു സംഭവം. ഏകദേശം 50,000 ദിർഹം (12.35 ലക്ഷം രൂപ) വിലവരുന്ന സ്വർണം തിരികെ ലഭിക്കില്ലെന്ന് ഉറപ്പിച്ച കുടുംബം പോലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ ദിവസങ്ങൾക്ക് ശേഷം ഇവരെ തേടി പോലീസിന്റെ വിളിയെത്തി. മാലിന്യങ്ങൾക്കിടയിൽ നിന്ന് സ്വർണം ലഭിച്ച ശുചീകരണ തൊഴിലാളി അത് വിൽക്കാൻ ഗോൾഡ് സൂക്കിൽ എത്തിയതോടെയാണ് പോലീസിന്റെ ഇടപെടലുണ്ടായത്.

മാലിന്യ സഞ്ചികൾ എവിടെ നിന്ന് വന്നതാണെന്ന് കണ്ടെത്താനുള്ള അത്യാധുനിക സംവിധാനം ഉപയോഗിച്ചാണ് പോലീസ് ഉടമകളെ തിരിച്ചറിഞ്ഞത്. തുടർന്ന് നായിഫ് പോലീസ് സ്‌റ്റേഷനിൽ ആവശ്യമായ രേഖകൾ ഹാജരാക്കിയ കുടുംബത്തിന് അധികൃതർ സ്വർണം കൈമാറി. ദുബൈ പോലീസിന്റെ കാര്യക്ഷമതയ്ക്കും സത്യസന്ധതയ്ക്കും കുടുംബം വലിയ നന്ദി രേഖപ്പെടുത്തി.

Also read: