02/03/2026
[fontresizer_tawhidurrahmandear_widget]

ഡ്രൈവറില്ല, ട്രാഫിക് കുരുക്കുമില്ല; ദുബൈയിൽ മെട്രോ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കാൻ സ്മാർട്ട് പോഡുകൾ വരുന്നു

 ഡ്രൈവറില്ല, ട്രാഫിക് കുരുക്കുമില്ല; ദുബൈയിൽ മെട്രോ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കാൻ സ്മാർട്ട് പോഡുകൾ വരുന്നു

ദുബൈ: നഗരയാത്രകൾ കൂടുതൽ സുഗമമാക്കാൻ ഡ്രൈവറില്ലാ ചെറുവാഹനങ്ങൾ അവതരിപ്പിച്ച് ദുബൈ. മെട്രോ സ്‌റ്റേഷനുകളെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനങ്ങളുടെ (Autonomous Pods) ശൃംഖല റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വെളിപ്പെടുത്തി. ഈ വർഷത്തെ വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിലാണ് റെവല്യൂഷനൈസ് അർബൻ മൊബിലിറ്റി എന്ന നൂതന പദ്ധതിയുടെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചത്.

ആദ്യഘട്ടത്തിൽ നാല് പ്രധാന മേഖലകളിലാണ് സേവനം ലഭ്യമാകുക

1.ബ്ലൂവാട്ടർ ഐലൻഡ്: നാഷണൽ പെയിന്റ്‌സ് മെട്രോ സ്‌റ്റേഷനിൽ നിന്ന് 2.8 കിലോമീറ്റർ നീളുന്ന പരീക്ഷണ പാത.

2.ഉമ്മു സുഖീം: മാൾ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്‌റ്റേഷനും മദീനത്ത് ജുമൈറയ്ക്കും ഇടയിലുള്ള 1.9 കി.മീ റൂട്ട്.

3.അൽ ഖൂസ്: ഓൺപാസീവ് മെട്രോ സ്‌റ്റേഷനിൽ നിന്ന് അൽസെർക്കൽ അവന്യൂ, ടൈംസ് സ്‌ക്വയർ സെന്റർ എന്നിവിടങ്ങളിലേക്കുള്ള 2.6 കി.മീ പാത.

4.ദുബൈ ഫെസ്റ്റിവൽ സിറ്റി: ഈ പദ്ധതിയിലെ ഏറ്റവും ദൈർഘ്യമേറിയ 7 കിലോമീറ്റർ പാത. ഇത് ഭാവിയിൽ മെട്രോ ബ്ലൂ ലൈനുമായി ബന്ധിപ്പിക്കും.

നാല് മുതൽ ആറ് വരെ യാത്രക്കാർക്ക് ഇരിക്കാവുന്ന പോഡുകൾക്ക് ഒറ്റ ചാർജിൽ 250 കിലോമീറ്റർ സഞ്ചരിക്കാനാകും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള ഇവയ്ക്ക് ഇരുദിശകളിലുമായി പതിനായിരത്തിലധികം യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ടിക്കറ്റ് സ്‌കാനിങ് സൗകര്യം, സഹായത്തിനായി എസ്ഒഎസ് ബട്ടൺ എന്നിവയും ഇതിലുണ്ട്.

കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്ലൈഡ്‌വേസ് കമ്പനിയാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് നിർമ്മാണച്ചെലവ് 90 ശതമാനത്തോളം കുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലുള്ള റോഡുകൾക്ക് മുകളിലോ ഭൂഗർഭത്തിലോ ബൈക്ക് പാതയുടെ വീതിയിൽ മാത്രം നിർമ്മിക്കുന്ന പ്രത്യേക ട്രാക്കുകളിലൂടെയാണ് ഇവ ഓടുന്നത്. നേരത്തെ അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസുമായും കമ്പനി സമാനമായ കരാറിൽ ഒപ്പുവെച്ചിരുന്നു.

Also read: