ഒരുമാസം ജയിലിൽ ഒരുമാസം പുറത്ത്; തിരിച്ച് ജയിലിലെത്തി മൂന്നാഴ്ചയായപ്പോൾ ഡിവൈഎഫ്ഐ നേതാവിന് വീണ്ടും പരോൾ
കണ്ണൂർ: ജയിലിൽ തിരിച്ചെത്തി മൂന്നാഴ്ച തികയും മുൻപേ ഡിവൈഎഫ്ഐ നേതാവിന് വീണ്ടും പരോൾ. പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി.കെ നിഷാദിനാണ് ഹൈക്കോടതി ഇടപെടലിലൂടെ വീണ്ടും പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. ജയിൽ സൂപ്രണ്ട് പരോൾ അപേക്ഷ നിരസിച്ചതിനെത്തുടർന്നാണ് നിഷാദ് കോടതിയെ സമീപിച്ചത്.
അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പോലീസ് ജീപ്പിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിലാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി നിഷാദിനെ ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ട് ഒരു മാസം തികയും മുൻപേ ഡിസംബറിൽ ആറു ദിവസത്തെ അടിയന്തര പരോൾ ലഭിച്ചിരുന്നു. ഇത് പിന്നീട് ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലൂടെ ജനുവരി വരെ നീട്ടിക്കൊടുത്തു. ഒരു മാസം ജയിലിലും ഒരു മാസം പുറത്തും എന്ന നിലയിൽ പരോൾ അനുവദിച്ചത് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
പിതാവിന്റെ ചികിത്സാർത്ഥമാണ് പുതിയ അപേക്ഷ നൽകിയതെന്നാണ് വിവരം. ഇതിനിടെ, പരോളിലിറങ്ങിയ സമയത്ത് പാർട്ടി പരിപാടികളിലും പ്രതിഷേധ പ്രകടനങ്ങളിലും നിഷാദ് പങ്കെടുത്തതായും ആരോപണമുണ്ട്. ജയിലിൽ കഴിയവേ പയ്യന്നൂർ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് നിഷാദ് വിജയിച്ചിരുന്നു. എന്നാൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിട്ടില്ല. 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വം നഷ്ടപ്പെടുമെന്നിരിക്കെ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് നഗരസഭാ അധികൃതർ.