‘ഇസ്രയേൽ സൈനിക സംഘങ്ങൾക്ക് എപ്സ്റ്റീന്റെ കോടികളുടെ ഫണ്ടിങ്’; കൂടുതൽ എഫ്.ബി.ഐ രേഖകൾ പുറത്ത്
വാഷിങ്ടൺ/തെൽ അവീവ്: അന്തരിച്ച അമേരിക്കൻ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ സൈന്യവുമായി(ഐഡിഎഫ്) ബന്ധപ്പെട്ട സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായി എഫ്.ബി.ഐ രേഖകൾ. എപ്സ്റ്റീൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റായിരുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സൈന്യവുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പുറത്തുവരുന്നത്.
ഇസ്രയേൽ സൈനികരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘ഫ്രണ്ട്സ് ഓഫ് ദ ഐ.ഡി.എഫ്’ (എഫ്ഐഡിഎഫ്) എന്ന സംഘടനയ്ക്ക് എപ്സ്റ്റീൻ കോടികൾ സംഭാവന നൽകിയിട്ടുണ്ട്. കൂടാതെ ഇസ്രയേൽ അനുകൂല നിലപാടുള്ള മറ്റ് ചില സംഘടനകൾക്കും അദ്ദേഹം ഫണ്ട് നൽകിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു.
ഇസ്രയേൽ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിനായി എപ്സ്റ്റീൻ പണം ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന. എപ്സ്റ്റീൻ നൽകിയ സംഭാവനകൾ വെറും ജീവകാരുണ്യ പ്രവർത്തനമായിരുന്നില്ലെന്നും, മറിച്ച് ഇന്റലിജൻസ് ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കമായിരുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
2020-ൽ എഫ്.ബി.ഐക്ക് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എപ്സ്റ്റീൻ ഇസ്രയേൽ താത്പര്യങ്ങൾക്കായി പ്രവർത്തിച്ചിരുന്നുവെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഈ തെളിവുകൾ.
മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകുമായി എപ്സ്റ്റീന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, ബരാകിന് കീഴിൽ എപ്സ്റ്റീൻ ചാരപ്പണിയിൽ പരിശീലനം നേടിയിരുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യവുമായുള്ള സാമ്പത്തിക ബന്ധത്തിന്റെ വിവരങ്ങളും പുറത്തുവരുന്നത്.